ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഉന്നത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ യോഗം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ഭീകരവാദത്തെ നേരിടുന്നതും തീവ്രവാദ ഭീഷണിയും സൈബർ സുരക്ഷാ പ്രശ്നങ്ങളും ഉൾപ്പെടെ യോഗം വിലയിരുത്തി. അതിർത്തി കടന്നുളള ഭീകരനീക്കവും യോഗം ചർച്ച ചെയ്തു.
ഭീകരതയ്ക്കും അതിനെ പിന്തുണയ്ക്കുന്ന സംവിധാനത്തിനും എതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്ന് അമിത് ഷാ പറഞ്ഞു. എല്ലാ വശങ്ങളും ശക്തിപ്പെടുത്തി രാജ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് രാജ്യം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ ഏജൻസികളും മയക്കുമരുന്നുവിരുദ്ധ ഏജൻസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും വിവരങ്ങൾ പങ്കുവയ്ക്കുന്നത് കൂടുതൽ ശക്തിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരവാദത്തെ അതിന്റെ സാമ്പത്തിക, ലൊജിസ്റ്റിക്സ് പിന്തുണകൾ തകർത്താണ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ തീരമേഖലകളിലും പഴുതുകൾ ഇല്ലാത്ത സുരക്ഷ ഒരുക്കണം. ഏറ്റവും ചെറുതും ഒറ്റപ്പെട്ടതുമായ തുറമുഖംപോലും ഇതിനായി സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അമിത് ഷാ
പറഞ്ഞു. മയക്കുമരുന്ന് രാജ്യത്തെ യുവാക്കളെ നശിപ്പിക്കുക മാത്രമല്ല, അതിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെയും ബാധിക്കുന്നുണ്ട്. അതിർത്തിക്കപ്പുറത്തുനിന്നു ഡ്രോണുകൾവഴി മയക്കുമരുന്നു കടത്തുന്നതു തടയാൻ ആന്റി ഡ്രോൺ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments