ലിസ്ബൺ : ഖത്തറിൽ ലോകകപ്പ് പോരാട്ടത്തിനുള്ള പോർച്ചുഗൽ ടീം തയ്യാർ. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിനെയാണ് ലിസ്ബണിൽ പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര നിരയിൽ കരുത്തരായ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് എന്നീ വമ്പൻ താരനിരയുമായാണ് പോർച്ചുഗലിന്റെ വരവ്.
ആരാധകരെ നിരാശരാക്കുന്നത് ഡിയോഗോ ജോട്ടയുടെ പരിക്കാണ്. ഉടൻ ശാരീരിക ക്ഷമത വീണ്ടെടുക്കില്ലെന്നതിനാൽ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.
ഗോൾകീപ്പർമാരായി റൂയി പാട്രീഷ്യോ, ഡിയാഗോ കോസ്റ്റ, ജോസ് സാ എന്നിവരാണ് ടീമിലുള്ളത്. മുന്നേറ്റ നിരയിൽ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ജൊവാഒ ഫെലിക്‌സ്, റാഫേൽ ലിയാവോ, ആന്ദ്രേ സിൽവ, ഗോൺസാലോ റാമോസ്, റിക്കാർഡോ ഹോർത്ത എന്നിവരാണ് അണിനിരക്കുന്നത്.
പ്രതിരോധ നിരയിൽ പെപ്പെ, റൂബൻ ഡയസ്, ജൊആവോ കാൻസെലോ, നൂനോ മെൻഡിസ്, ഡിയാഗോ ദാലോത്, അന്റോണിയോ സിൽവ, റാഫേൽ ഗ്വിറേറോ എന്നിവരാണുള്ളത്.
മധ്യനിരയിൽ വിറ്റിന, ബർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, റൂബൻ നെവേഴ്‌സ്, ഡാനിലോ പെരേര, ജൊവാഒ മരിയോ, ഒറ്റാവോ, മാതേവൂസ് നൂനെസ്, വില്യം എന്നിവരാണ് ടീമിന് കരുത്താവുക.
ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗലിന്റെ സ്ഥാനം. ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.















