പാലക്കാട്: പട്ടാമ്പിയിൽ ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോവരുതെന്ന് വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്. ഹിന്ദു ഐക്യവേദിയും, മഹല്ല് കമ്മറ്റിയും നല്കിയ പരാതികളിലാണ് പോലീസ് നടപടി. സംഭവത്തിൽ ചാലിശ്ശേരി പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസം കത്ത് വ്യാജമാണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
കറുകപുത്തൂർ,കൂറ്റനാട്,ചാലിശ്ശേരി മഹല്ല് കമ്മറ്റി ഭാരവാഹികളുടേതെന്ന പേരിലാണ് കഴിഞ്ഞ ദിവസം വ്യാജ കത്ത് പ്രചരിച്ചത്. പ്രദേശത്ത് പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം വിശ്വാസിയായ ഹിന്ദുവിന്റേതാണെന്നും അതിനാൽ അവിടെ മുസ്ലീങ്ങൾ ആരും പോവരുത്, സാമ്പത്തിക പിന്തുണ നൽകരുത് എന്നിങ്ങനെയായിരുന്നു കത്തിൽ.
കത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ ഹിന്ദു ഐക്യവേദി ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. മത സൗഹാർദം തകർക്കുന്ന ഇത്തരം ആളുകളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. പിന്നാലെ കറുകപുത്തൂർ മഹല്ല് കമ്മറ്റിയും പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് മത സ്പർദ്ധവളർത്താൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ, ആർ.വി.ബാബു എന്നിവരും കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Comments