റാഞ്ചി: ഝാർഖണ്ഡിൽ ഹിന്ദു സംഘടനാ നേതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. ബജ്രംഗ്ദൾ നേതാവ് കമൽ ദേവ്ഗിരിയാണ് കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂം ജില്ലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഇരു ചക്രവാഹനത്തിൽ ചക്രധർപൂരിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു കമൽ. ഇതിനിടെ ഭാരത് ഭവൻ ചൗക്കിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കമലിന് നേരെ നാടൻ ബോംബ് എറിയുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കമലിനെ പ്രദേശവാസികൾ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്ത് എത്തി.
Comments