കൊച്ചി: ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ഗവർണർക്കെതിരെ സമര രംഗത്തിറക്കാൻ സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിക്കുന്നതായി ഹർജിയിൽ പറയുന്നു. ഹാജർ ഉറപ്പു നൽകിയാണ് പലരെയും സമരത്തിനിറക്കുന്നത്. സർക്കാർ ജീവനക്കാരെ നിർബന്ധിച്ചാണ് സമരത്തിൽ പങ്കെടുപ്പിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ അതിനെ നിയമപരമായി നേരിടുമെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കേന്ദ്രസർക്കാരിന്റെ ശമ്പളവും വാങ്ങി ഗവർണർക്കെതിരായുള്ള മാർച്ചിൽ പങ്കെടുത്താൽ തൊഴിലാളികൾക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച്. അഴിമതി, സ്വജനപക്ഷപാതം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവർണറുടെ നിലപാടിനെ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ചാൻസലർക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണ്. മറ്റു വിസിമാരുടെ കാര്യത്തിലും ഇത് നിർണായകമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments