തിരുവനന്തപുരം; ചാൻസലർ പദവി ഭരണഘടാ പരമല്ലെന്നും കേരള സർക്കാർ നിയമം നിർമിക്കുമ്പോൾ അതിന്റെ ഭാഗമായിട്ടാണ് ചാൻസലറായി ഗവർണർ ആകട്ടെ എന്ന് തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
വിദ്യാഭ്യാസ ചിന്തകൻമാരെയും ആ മേഖലയിലെ പ്രഗൽഭരെയും ആ പദവിയിലേക്ക് നിയമിക്കണമെന്ന പൂഞ്ചി കമ്മീഷന്റെ റിപ്പോർട്ടാണ് കേരള സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കി ഓർഡിനൻസ് ഇറക്കിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഓർഡിനൻസ് കൈയ്യിലെത്തുന്നതിന് മുൻപ് തന്നെ അതിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ പ്രഖ്യാപിക്കുകയാണ്.
വിസി നിയമനത്തിൽ ഗവർണർക്കാണ് പിശക് പറ്റിയതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അത് സർക്കാരിന് മേൽ ചാരി രക്ഷപെടുകയാണ് ഗവർണർ എന്ന വിചിത്ര ആരോപണവും എംവി ഗോവിന്ദൻ ഉന്നയിച്ചു. പട്ടികയിൽ യോഗ്യരായ മൂന്ന് പേരില്ലെന്ന് കണ്ടാൽ അതും തിരുത്തേണ്ടത് ഗവർണറാണ്.
ആർഎസ്എസും ബിജെപിയും നടപ്പിലാക്കേണ്ടുന്ന കാവിവൽക്കരണത്തിന്റെ നിലപാട് ഗവർണറെക്കൊണ്ട് ചാൻസലർ എന്ന പദവി ഉപയോഗിച്ച് നടപ്പിലാക്കാമെന്നാണ് ധരിച്ചതെങ്കിൽ അതിന് അനുവദിക്കില്ലെന്നും എംവി ഗോവിന്ദൻ പറയുന്നു.
Comments