തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടമാക്കി രാഹുൽ ഗാന്ധിയ്ക്ക് കെ.സുധാകരൻ കത്ത് നൽകിയെന്ന വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്ന് സതീശൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളില്ല. സർക്കാരിനെ രക്ഷപ്പെടുത്താൻ വേണ്ടി പ്രചരിപ്പിക്കുന്ന വാർത്തകളാണ്. വിവിധ സംഭവങ്ങളിൽ സർക്കാർ ജനങ്ങളുടെ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനായി പടച്ചുവിട്ട വ്യാജവാർത്തയാണ് ഇത്.
നെഹ്റുവിനെക്കുറിച്ച് നടത്തിയ പരാമർശം നാക്ക് പിഴയാണ് സുധാകരൻ പറഞ്ഞു. അത് പാർട്ടി അംഗീകരിച്ചു. സുധാകരൻ മുതിർന്ന നേതാവാണ്. എല്ലാകാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാവരെയും സ്വീകരിക്കുന്ന ഒരു നേതാവാണ് നെഹ്റു എന്നാണ് സുധാകരൻ ഉദ്ദേശിച്ചത്.
കേരളത്തിലെ കോൺഗ്രസിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. കെപിസിസി അദ്ധ്യക്ഷനെ ഒറ്റക്കെട്ടായി എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. താൻ സംസാരിക്കുന്നത് പോലയല്ല രമേശ് ചെന്നിത്തല സംസാരിക്കുക, അത് പോലെയല്ല ഉമ്മൻ ചാണ്ടി സംസാരിക്കുക. പക്ഷെ എല്ലാവരും പറയുന്നത് ഒരേ കാര്യമാണ്. സുധാകരൻ പ്രശ്നമാണ്, പ്രതിപക്ഷ നേതാവ് കുഴപ്പമാണ് എന്നതാണ് ഇന്ന് രാവിലെ മുതലുള്ള വാർത്ത. മറ്റ് പ്രശ്നങ്ങളെല്ലാം മുങ്ങിപ്പോയി. വാർത്ത പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യവും ഇത് തന്നെയായിരുന്നു.
എഴുതാത്ത കത്തിലാണ് പ്രതിപക്ഷ നേതാവ് പിന്തുണയ്ക്കുന്നില്ലെന്ന ഉള്ളടക്കമുള്ളത്. ഒരു ദിവസം നാലും അഞ്ചും തവണ സുധാകരനുമായി സംസാരിക്കാറുണ്ട്. ഇത്തരം വാർത്തകളെ ശക്തമായി നേരിടുമെന്നും വി.ഡി സതീശൻ അറിയിച്ചു.
Comments