ആലപ്പുഴ: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ത്സാർഖണ്ഡ് സ്വദേശി പിടിയിൽ. പ്രതി കിഷോർ മഹാതോയെ ത്സാർഖണ്ഡിൽ എത്തിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സംഘം പിടികൂടിയത്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ത്സാർഖണ്ഡിലെ വനമേഖലയിൽ താമസിക്കുന്ന ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അക്കൗണ്ടുകളുണ്ട്.
വൈദ്യുതി ബില്ലിൽ കുടിശിക അടയ്‌ക്കാൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നു കിഷോർ ഓൺലൈൻ തട്ടിപ്പ് നടത്തിയത്. 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്ട്സ് ആപ്പിലേക്ക് ഇയാൾ അയച്ചു. കെഎസ്എഇബി ലോഗോയോടു കൂടിയ വ്യാജ ബില്ലും അയച്ചു നൽകി. കുടിശിക തുക അടയ്‌ക്കാനായി ഒരു നമ്പറും നൽകി. കിഷോർ നൽകിയ നമ്പറിലേയ്‌ക്ക് ചെട്ടികുളങ്ങര സ്വദേശി പണം അടയ്‌ക്കുകയും ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ അയച്ച 625 രൂപ തട്ടിപ്പിനിരയായ വ്യക്തിക്ക് കിഷോർ തിരിച്ച് നൽകി. എന്നാൽ പത്തു മിനിട്ടുള്ളിൽ ചെട്ടികുളങ്ങര സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടപ്പെടുകയായിരുന്നു. അര മണിക്കൂറിനുള്ളിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ തുക മാറ്റപ്പെട്ടത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ത്സാർഖണ്ഡിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
















Comments