വൻമരം വെട്ടി വീഴ്‌ത്താൻ ചെറിയ മഴു മതി’. 2002 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ അട്ടിമറിച്ച നവാഗതരായ സെനഗലിന്റെ കോച്ച് ബ്രൂണോ മെറ്റ്‌സു മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഫ്രാൻസിന്റെ തോൽവിയിൽ ലോകം അക്ഷരാർഥത്തിൽ ഞെട്ടി. എന്നാൽ വമ്പന്മാരെ വീഴ്‌ത്താൻ കഴിയുമെന്ന ഉറച്ച അത്മവിശ്വാസം ഫ്രഞ്ചുകാരനായ മെറ്റ്‌സുവിനുണ്ടായിരുന്നു. അതാണ് മത്സരശേഷം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചത്. 2002 ലോകകപ്പിൽ ഏറ്റവും ഫേവ്‌റിറ്റുകളായിരുന്നു ഫ്രഞ്ച് പട.
സിനദ്ദിൻ സിദാൻ, ഇമ്മാനുവൽ പെറ്റിത്, ട്രെസഗെ, ഒന്ററി, ഗോൾകീപ്പർ ബാർത്തസ് എന്നീ വമ്പന്മാരടങ്ങിയ ഫ്രാൻസ് കരുത്തരായിരുന്നു. സെനഗലിനെ വൻ മാർജിനിൽ അവർ പരാജയപ്പെടുത്തുമെന്നായിരുന്നു എവരും കണക്ക്കൂട്ടിയത്. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാർ എന്ന ഗർവോടെയാണ് സിദാനും സംഘവും ജപ്പാനിലെത്തിയത്. കൂടാതെ 2000 യൂറോകപ്പിലും മുത്തമിട്ടത് ഫ്രഞ്ച് പട തന്നെയായിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു ഫ്രാൻസിനെ 1-0ന് സെനഗൽ കീഴടക്കി. ഫ്രാൻസിന്റെ വൻവീഴ്‌ച്ച എല്ലാവരിലും സൃഷ്ടിച്ച അമ്പരപ്പ് വളരെ വലുതായിരുന്നു.
സെനഗലിന്റെ വിയർപ്പിൽ ഫ്രാൻസ് ഒലിച്ചുപോയി എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ കളിയെ വിശേഷിപ്പിച്ചത്. കളിയുടെ 30ാം മിനിറ്റിൽ സെനഗലിന്റെ പാപ ബൗമ ദിയൂഫ് നേടിയ ഗോളിലൂടെയാണ് നിലവിലെ ലോക ചാമ്പ്യന്മാരെ തറപറ്റിച്ചത്. ഫ്രാൻസിനേറ്റ തോൽവിയുടെ ആഘാതം വളരെ വലുതായിരുന്നു. കപ്പുയർത്തുമെന്ന് പ്രതീക്ഷിച്ച ഫ്രാൻസ് ആദ്യ റൗണ്ടിൽ തന്നെ പോരാട്ടം അവസാനിപ്പിച്ചു. ജപ്പാനിലും ദക്ഷിണകൊറിയയിലും ആയി നടന്ന ലോകകപ്പിൽ നീലപ്പടയ്‌ക്കുണ്ടായ ദുര്യോഗം 2010, 2014, 2018 വർഷങ്ങളിലും നിലവിലെ ചാമ്പ്യൻമാർക്കുമുണ്ടായി.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ കാലിടറി വീണതും വിധിവൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ. 2006ൽ ചാമ്പ്യന്മാരായ ഇറ്റലി 2010ൽ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. 2014ൽ സ്‌പെയിനിനായിരുന്നു ആ ദുര്യോഗം. 2010ൽ ജേതാക്കളായ സ്‌പെയിൻ അടുത്ത ലോകപ്പിൽ പ്രാഥമിക റൗണ്ടിൽ വീണു. 2018ലും ലോകചാമ്പ്യന്മാരുടെ പതനം കണ്ടു. 2014ൽ ലോകകപ്പ് ഉയർത്തിയ ജർമ്മനി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാനാകാതെ കളം വിട്ടു.
കഴിഞ്ഞ മൂന്ന് ലോകകപ്പിലും സാക്ഷ്യം വഹിച്ച ചാമ്പ്യൻമാരുടെ ഒന്നാം ഘട്ടത്തിലെ പുറത്താകൽ ഖത്തറിലും ആവർത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയാണെങ്കിൽ നിലവിലെ ലോക ജേതാക്കളായ ഫ്രാൻസ് കരുതിയിരിക്കണം. ഗ്രൂപ്പ് ഡിയിൽ ഓസ്‌ത്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രഞ്ച് പട ഉൾപ്പെട്ടിരിക്കുന്നത്.
ലോക ഫുട്‌ബോളർ കരീം ബെൻസമ, കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാൻ, റഫേൽ വരാനെ എന്നിവർ അടങ്ങുന്ന ഫ്രഞ്ച് നിര കടലാസിൽ കരുത്തരാണ്. താരതമ്യേന എളുപ്പത്തിൽ കടന്ന് കൂടാനാവുന്ന ഗ്രൂപ്പാണ് ഫ്രാൻസിന് ലഭിച്ചിരിക്കുന്നത്. എന്നാൽ വലിയ വെല്ലുവിളി ഉയർത്താൻ കഴിവുളളവരാണ് കൂടെയുളളവരെന്ന കാര്യത്തിലും തർക്കമില്ല. ഖത്തറിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെസാംപ്‌സ് ഒരിക്കലും മറക്കരുത് മെറ്റ്‌സുവിന്റെ വാക്കുകൾ. ‘വൻ മരങ്ങൾ വീഴ്‌ത്താൻ മരത്തോളം വലിയ മഴു വേണ്ട’.
















Comments