ദുബായ്: കാറിനുള്ളിൽ തന്നെ ഇരുന്ന് പാർക്കിംഗ് പിഴ ഒഴിവാക്കുന്നവർക്കായി അധികൃതരുടെ മുന്നറിയിപ്പ്. വാഹനങ്ങൾ പെയ്ഡ് സോണുകളിൽ പാർക്ക് ചെയ്യുകയും പണം നൽകാതെ ഉള്ളിൽ തന്നെ മറ്റു ആവശ്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ വാഹനമോടിക്കുന്നവരിൽ ചിലർ കാറിനുള്ളിൽ തന്നെ ഇരുന്ന് പാർക്കിംഗ് പിഴ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അത്തരക്കാരെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കില്ലെന്നും നിയമലംഘനം നടത്തിയാൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പണമടയ്ക്കാതെ പാർക്ക് ചെയ്യുന്നവർ പിന്നീട് 150 ദിർഹം പിഴ അടയ്ക്കേണ്ടി വരുമെന്നാണ് ഷാർജ മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ പറയുന്നത്. നിശ്ചിത സമയത്തിനപ്പുറം കൂടുതൽ പണമടയ്ക്കാതെ വാഹനം പാർക്ക് ചെയ്താൽ 100 ദിർഹമാണ് പിഴ ചുമത്തുക. കൂടാതെ ദിവ്യാംഗർക്കും മറ്റുമായി സംവരണം ചെയ്ത സ്ഥലങ്ങളിൽ സാധാരണക്കാർ പാർക്ക് ചെയ്യുന്നതും ഗുരുതരമായ കുറ്റമാണ്, അതിന് 1,000 ദിർഹം വരെയുമാണ് പിഴ ലഭിക്കുക.
Comments