ലക്‌നൗ: നിർബന്ധിത മതപരിവർത്തനം നിഷേധിച്ച 17-കാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. പ്രതിയുടെ കാലിന് താഴേയ്‌ക്ക് വെടിവെച്ചാണ് പോലീസ് കീഴടക്കിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി മുഹമ്മദ് സൂഫിയാൻ ഒളിവിൽ പോയിരുന്നു.
യുപി പോലീസിലെ ഒമ്പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതക കേസ് ഏറ്റെടുത്തിരുന്നത്. ഒളിവിൽ പോയ സൂഫിയാനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സൂഫിയാനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കീഴടങ്ങാൻ തയ്യാറാകാതിരുന്ന പ്രതിയെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
നിധി ഗുപ്തയെന്ന 17-കാരിയെ പ്രണയക്കെണിയിൽ കുരുക്കി ഇസ്ലാമിലേക്ക് മതംമാറാൻ പ്രതി നിർബന്ധിച്ചിരുന്നു. മതം മാറാതെ വിവാഹം കഴിക്കില്ലെന്ന് സൂഫിയാൻ പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ സൂഫിയാന്റെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിക്കാൻ ശ്രമിച്ചു. ഇരുവീട്ടുകാരും ചർച്ച ചെയ്യുന്നതിനിടെയാണ് ഫ്‌ളാറ്റിന് മുകളിൽ നിന്ന് പെൺകുട്ടിയെ സൂഫിയാൻ തള്ളിയിട്ട് കൊന്നത്. നാലാം നിലയിൽ നിന്ന് വീണ പെൺകുട്ടി ആശുപത്രിയിൽ എത്തിയതിന് പിന്നാലെ മരിച്ചു. നിധി ഗുപ്ത മരിച്ചെന്നറിഞ്ഞതോടെ പ്രതി സൂഫിയാൻ ഒളിവിൽ പോയി.
പ്രണയക്കെണിയിൽ കുരുക്കി പെൺകുട്ടിയെ വഞ്ചിച്ചുവെന്നാണ് നിധി ഗുപ്തയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ സൂഫിയാനെതിരെ കൊലപാതക്കുറ്റത്തിന് പുറമെ നിർബന്ധിത മതപരിവർത്തന നിയമ പ്രകാരവും വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments