ലക്‌നൗ : ദസ്‌ന ജയിലിൽ കഴിയുന്ന 140 അന്തേവാസികൾക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു. ഗാസിയാബാദിലാണ് സംഭവം. ആകെ 5,500 അന്തേവാസികളാണ് ജയിലിലുള്ളത്. രണ്ടാഴ്ചയ്‌ക്കിടെ ഇവിടെ 250 തടവ് പുള്ളികളെക്കൂടി പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദസ്‌ന ജയിൽ എസ്പി അലോക് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
2016 ലും ഇത്തരത്തിൽ ജയിലിൽ എച്ച്‌ഐവി പരിശോധന നടത്തിയിരുന്നു. അന്ന് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് എല്ലാ പുതിയ അന്തേവാസികൾക്കും എച്ച്‌ഐവി, ടിബി പരിശോധനകൾ പൊതു ആരോഗ്യ പരിശോധനയുടെ ഭാഗമായി സർക്കാർ തീരുമാനിക്കുകയായിരുന്നു.
തടവുകാരുടെ മെഡിക്കൽ ടെസ്റ്റുകൾ ജില്ലാ ആശുപത്രിയിലും എച്ച്ഐവി സ്‌ക്രീനിംഗ് ആശുപത്രിയിലെ ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) സെന്ററിലുമാണ് നടക്കുന്നതെന്ന് സിംഗ് പറഞ്ഞു. ഒരു തടവുകാരന് എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തിയാൽ, ജയിലിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ട്രീറ്റ്മെന്റ് സെന്ററിൽ (ഐസിടിസി) എആർവി ചികിത്സ നൽകണമെന്നാണ് നിയമം.
















Comments