ഇടുക്കി: മയക്കുമരുന്നുമായി പിടിയിലായ സി.ഐയുടെ ബന്ധുവിൽ നിന്ന് കൈകൂലി വാങ്ങിയ സംഭവത്തിൽ നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അടിമാലി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സി.ഐ. ഷൈബുവിനെയും സ്‌ക്വാഡിലെ മറ്റ് ഏഴ് ഉദ്യോദസ്ഥരേയുമാണ് എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദ കൃഷ്ണൻ സസ്‌പെൻഡ് ചെയ്തത്.
ചാലക്കുടി കൊരട്ടി സിഐയുടെ സഹോദരി ഭർത്താവ്, സുഹൃത്ത് എന്നിവരിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. നർക്കോട്ടിക് സിഐ അടക്കമുള്ളവർ 25,000 രൂപയോളമാണ് കൈക്കൂലിയായി വാങ്ങിയത്. തുടർന്ന് ഇടുക്കി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.
ഒക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിന് വരുകയായിരുന്ന രണ്ട് പേരിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പരിശോധനയുടെ ഭാഗമായി ഇവരെ രണ്ട് മണിക്കൂറോളം റോഡിൽ നിർത്തി. ഒടുവിൽ മയക്കുമരുന്ന് പുകയിലയാക്കി മാറ്റി ലഘു കേസാക്കി മാറ്റി. ഇവരിൽ നിന്ന് 25,000 രൂപ വാങ്ങിയ ശേഷം 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയ്‌ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ എകസൈസ് സംഘം തുക മടക്കി നൽകിയെങ്കിലും എക്‌സൈസ് കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.
Comments