ഒരു കപ്പു ചായ കുടിച്ചാൽ വണ്ണം കുറക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ലാ അല്ലെ? എന്നാൽ ഈ ചായ കുടിച്ചാൽ വണ്ണവും കുറക്കാം, ചർമ്മത്തിന് തിളക്കവും ലഭിക്കും.
നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തി. എന്നാൽ ചെമ്പരത്തിക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല.
പണ്ട് കാലങ്ങളിൽ തലയിൽ ചെമ്പരത്തി താളി തേച്ച് കുളിക്കുക പതിവായിരുന്നു. ചെമ്പരത്തി താളി മുടിക്ക് കരുത്തേകുകയും അത് തഴച്ച് വളരാൻ സഹായിക്കുകയും ചെയ്യുമെന്ന് മുത്തശ്ശിമാർ പറഞ്ഞ് നമുക്കറിയാം. എന്നാൽ ഇതുകൊണ്ട് വേറെയും നിരവധി ഗുണങ്ങൾ ഉണ്ടെന്ന് നമ്മളിൽ പലർക്കും അറിയില്ല.
ചെമ്പരത്തി ചായ ശ്രദ്ധ നേടാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. പേര് കേൾക്കുമ്പോൾ തന്നെ മനസിലാകും ഇത് ചെമ്പരത്തി ഇട്ട് തിളപ്പിച്ച ചായ ആണെന്ന്. എന്നാൽ വെറുതെ രണ്ട് ചെമ്പരുത്തി പറിച്ചു ഇട്ടു തിളപ്പിച്ചാൽ ചായ ആവില്ല എന്ന് ആദ്യം തന്നെ പറയാം.
ഇഞ്ചിയും കറുവാപ്പട്ടയും വെള്ളത്തിൽ നന്നായി തിളപ്പിച്ച ശേഷം കഴുകിയെടുത്ത ചെമ്പരത്തി പൂവിലേക്ക് ഇത് ഒഴിക്കുക. 2 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവെക്കണം. പൂവിന്റെ ഇതളുകളിലെ ചുവന്ന നിറം വെള്ളത്തിൽ നന്നായി കലർന്ന ശേഷം ഇതിലേക്ക് തേനും നാരങ്ങാ നീരും കൂടി ചേർക്കാം. അങ്ങനെ ചെമ്പരത്തി ചായ തയാറായിക്കഴിഞ്ഞു.
ആന്റി-ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ചെമ്പരത്തി ചായ എന്നും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്‌ക്കാനും, അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും, ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്‌ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യും. ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് കൂടുതലാണ്. ഇവ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ട് ചെമ്പരത്തി ചായയ്‌ക്ക്. രക്തസമ്മർദം കുറയ്‌ക്കാനായി ഉപയോഗിക്കുന്നതിനാൽ ഈ ചായ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുടിക്കരുത്.
Comments