പാലക്കാട്: സിപിഎം നേതാവിന്റെ കള്ളം പൊളിച്ച സിസിടിവി തകർത്ത് പ്രതിഷേധം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സിപിഎം അംഗം അബ്ദുൾ അമീറിനെതിരെ കേസെടുത്തു. സിസിടിവി തകർക്കാൻ ശ്രമിച്ചതിനാണ് കേസ്.
രാത്രി വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതർ ആക്രമിച്ചതാണെന്ന് ഇയാൾ വ്യാജ പരാതി നൽകിയിരുന്നു. മൂന്ന് പേർ ആയുധങ്ങളുമായെത്തി മർദ്ദിച്ചെന്നാണ് പരാതിപ്പെട്ടത്. രാത്രി ആയതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഭീഷണി നേരിടുന്നതായുമാണ് സിപിഎം അംഗം പറഞ്ഞത്. തുടർന്ന് അമീറിന്റെ പരാതിയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് കോടതിപ്പടിയിലെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. രാത്രി ഇയാൾ തന്നെയാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയത്. സ്വയം വീണതാണെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മൊഴി വ്യാജമെന്ന് തെളിഞ്ഞതോടെ പോലീസും കേസ് അവസാനിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയുണ്ടായ മാനഹാനിയാണ് ക്യാമറ തകർക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ സക്കീറിന്റെ വീട്ടിലെ ക്യാമറയാണ് അമീർ തകർത്തത്. ഇയാളുടെ വീടിന്റെ ജനലുകളും തകർന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അമീർ സക്കീറിന്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പികെ ശശി വിഭാഗത്തിനൊപ്പം ചേർന്ന് നിൽക്കുന്ന അമീർ മറ്റ് വിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്നാണ് ആരോപണം. മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമാണ് പള്ളത്ത് അബ്ദുൾ അമീർ.
















Comments