ന്യൂഡൽഹി: മംഗളൂരു ഓട്ടോ സ്‌ഫോടന കേസിൽ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ. ഇക്കാര്യം എൻഐഎ ഔദ്യോഗികമായി ഉടൻ പുറത്തുവിടും. കർണാടക സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കേസ് ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് കേസ് അന്വേഷണം എൻഐഎ ഉടൻ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. സംഭവത്തിന്റെ സ്വഭാവവും, ലഭിച്ച തെളിവുകളും സ്‌ഫോടനത്തിന് പിന്നിൽ വിദേശ ഭീകര സംഘടനകളുടെ ബന്ധം തുറന്നുകാട്ടുന്നതാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. ഇത് പ്രകാരം കേസ് ഏറ്റെടുക്കാൻ എൻഐഎയ്‌ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ എൻഐഎ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നും ജ്ഞാനേന്ദ്ര വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു കർണാടക ആഭ്യന്തര വകുപ്പ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയത്.
















Comments