ന്യൂഡൽഹി: രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്നതിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവിടെയുള്ള ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പൂർണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാലം വിദൂരമല്ല. നിരവധി എഥനോൾ പമ്പുകൾ രാജ്യത്താകമാനം സ്ഥാപിക്കപ്പെടുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ നടക്കുന്ന ഒരാഴ്ച നീണ്ട അഗ്രോ-എക്‌സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിനെ ടൊയോട്ട അവതരിപ്പിച്ചുകഴിഞ്ഞു. ബിഎംഡബ്ല്യൂ, മേഴ്‌സിഡസ്, ഹ്യൂണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ നിരവധി ബ്രാൻഡുകൾ വൈകാതെ തന്നെ ബയോ-ഫ്യുവൽ മോഡൽ കാറുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹരിതോർജ്ജം ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞാൽ ഡീസലിന് മികച്ച ഒരു ബദൽമാർഗമുണ്ടാകും. വില കുറഞ്ഞതും വൃത്തിയുള്ളതുമായ ഇന്ധനം നമുക്ക് ലഭിക്കും. ഇന്ത്യയിൽ ബയോ-ഫ്യുവൽ നിർമ്മിക്കുന്നതിനായി പൗരന്മാരെ പരമാവധി പ്രോത്സാഹിപ്പിക്കും. കരിമ്പിൻ ജ്യൂസ്, അരി, ചോളം, മറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്നും എഥനോൾ നിർമ്മിക്കുന്നതിന് നാം ആവശ്യമായ പിന്തുണ നൽകണം. തദ്ദേശീയമായി ഇന്ധനം വികസിപ്പിക്കാൻ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ നിലവിലുള്ള ചിത്രം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഥനോളും ഹരിത ഹൈഡ്രജനും വൈദ്യുതിയുമാണ് ഭാവിയിൽ കയ്യാളുക. വിദർഭ മേഖലയിൽ ഒരു ബയോ സിഎൻജി പ്ലാന്റ് തയ്യാറായി വരുന്നുണ്ട്. സമാന പ്ലാന്റുകൾ മറ്റിടങ്ങളിലും വരും. പ്രതിദിനം ഒരു ലക്ഷം ലിറ്റർ എഥനോൾ നിർമ്മിക്കുന്ന പ്ലാന്റിന്റെ പണിപ്പുരയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഹരിയാനയിലെ പാനിപട്ടിലാണ് പ്ലാന്റ് സജ്ജമാകുന്നത്. കൂടാതെ 150 ടൺ ബയോ-ബിറ്റുമിനും പ്ലാന്റ് നൽകും. ഇവിടെ വൈക്കോൽ ഉപയോഗിച്ചാണ് എഥനോളും ബിറ്റുമിനും തയ്യാറാക്കുന്നത്. വൈക്കോൽ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം തടയാനും ഇത് സഹായകരമാകും. മുളയിൽ നിന്നും എഥനോൾ നിർമ്മിക്കാനും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രമം നടത്തുന്നുതായി കേന്ദ്രമന്ത്രി അറിയിച്ചു.
















Comments