ജാപ്പനീസ് ആയോധന കലയായ ഐകീഡോയിൽ ബെൽറ്റ് നേടിയ രാഹുൽ രാഷ്‌ട്രീയത്തിലും അതിന്റെ പ്രയോഗം പരീക്ഷിക്കുന്ന വീഡിയോ വൈറലായി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പുത്തൻ തന്ത്രം പുറത്തു വന്നത്. എങ്ങനെ ബിജെപിയേയും ആർ.എസ്.എസിനേയും തോൽപ്പിക്കാം എന്ന തന്ത്രമാണ് രാഹുൽ പ്രവർത്തകർക്ക് കാണിച്ചുകൊടുത്തത്. രാഷ്‌ട്രീയത്തിൽ ആയോധനകലയുടെ പാഠങ്ങൾ ഉൾക്കൊള്ളിക്കുന്ന രാഹുലിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മറ്റ് പ്രവർത്തകരുമൊത്ത് രാഹുൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ശത്രുവിന്റെ ശക്തിയെ എങ്ങനെ സ്വന്തം ശക്തിയാക്കി മാറ്റാമെന്ന് രാഹുൽ മറ്റുള്ളവർക്ക് കാണിച്ച് കൊടുത്തു. ആർഎസ്എസ് നിങ്ങളെ ആക്രമിക്കുന്നതിലൂടെ അവരുടെ മുഴുവൻ ഊർജ്ജവും അതിലേക്ക് ഒഴുകിയെത്തുന്നു. അപ്പോൾ ആ ഊർജ്ജം നിങ്ങൾക്ക് സ്വന്തം ശക്തിയാക്കി മാറ്റാനാകും. ഈ തത്വം താൻ തെളിയിച്ചുതരാമെന്ന് പറഞ്ഞ് രാഹുൽ ഒരു നേതാവിനെ വിളിച്ച് മുട്ടുകുത്തി ഇരുത്തി. തുടർന്ന് അദ്ദേഹത്തെ തോളിൽ പിടിച്ച് തള്ളിയിട്ടു.
ശേഷം മറ്റൊരാളിൽ നിന്ന് ഊർജ്ജം എടുക്കണമെങ്കിൽ ഒരു പ്രത്യേക പൊസിഷനിൽ ഇരിക്കണമെന്ന് പ്രവർത്തകനോട് രാഹുൽ പറഞ്ഞു. തുടർന്ന് മറ്റൊരാളെ കൊണ്ടുവന്ന് ഇരിക്കുന്ന വ്യക്തിയെ തള്ളി താഴെയിടാൻ ആവശ്യപ്പെട്ടു. അതേസമയം ഇരിക്കുന്നയാൾ ആക്രമിക്കുന്നയാളുടെ കൈയ്യിൽ മുറുകെ പിടിച്ച് മുകളിലേക്ക് പുഷ് ചെയ്യണമെന്ന് രാഹുൽ വിശദീകരിച്ചു.
മറ്റ് നേതാക്കളെയും വിളിച്ച് ഇവരോട് ഒന്നിച്ച് തള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ ഇരിക്കുന്നയാളെ താഴെയിടാൻ ഇവർക്ക് സാധിച്ചില്ല.
തനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല എന്നാണ് രാഹുലിന്റെ ക്ലാസിന് ശേഷം ഇരിക്കുന്നയാൾ പറഞ്ഞത്. രാഹുലിന്റെ വിശദീകരണം കഴിഞ്ഞതോടെ പ്രവർത്തകരെല്ലാം കയ്യടിക്കുന്നുമുണ്ട്. ഈ തന്ത്രമാണ് താൻ ബിജെപിക്കും ആർ.എസ്.എസിനുമെതിരെ ഉപയോഗിക്കുന്നത് എന്ന് രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Comments