ശ്രീനഗർ: കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ബിജെപിക്കും കേന്ദ്രസർക്കാരിനും സാധിക്കില്ല. കശ്മീരിലേയ്‌ക്ക് എത്ര സൈനികരെ അയച്ചാലും ഇവിടം ശാന്തമാക്കാൻ കഴിയില്ല എന്ന് പിഡിപി നേതാവ് വെല്ലുവിളിച്ചു. ശ്രീനഗറിൽ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.
‘കശ്മീർ അതിന്റേതായ ഭരണഘടനയിലൂടെ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ബിജെപി ഈ നാടിന്റെ ഭരണഘടന നശിപ്പിച്ചു. കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞില്ല. എത്ര സൈനികരെ കശ്മീരിലേയ്ക്ക് അയച്ചാലും കേന്ദ്രസർക്കാരിന് ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവകാശങ്ങൾക്കായി ഇവിടെയുള്ളവർ പോരാടും. ബിജെപിക്ക് ജമ്മുവിൽ ഒരിടം നൽകരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ കശ്മീരിലെ ജനങ്ങൾ പോരാടും. ‘
‘ഇത് ബിജെപിയുടെ ഇന്ത്യ അല്ല. ഇത് ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയാണ്. മഹാത്മഗാന്ധിയുടെയും മൗലാനാ അബ്ദുൾ കലാം ആസാദിന്റെയും ഇന്ത്യയാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി രാജ്യം മുഴുവൻ സഞ്ചരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യ ആക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഭരണഘടനാപരമായും സ്നേഹപരമായും ഞങ്ങൾ ഈ രാജ്യവുമായി ഹൃദയബന്ധം സ്ഥാപിച്ചു. എന്നാൽ ബിജെപി ഞങ്ങളുടെ അവകാശവും സ്വത്വവും വച്ച് കളിച്ചു. കശ്മീരിനെ അവർ നശിപ്പിച്ചു’ എന്നും മെഹബൂബ മുഫ്തി പറഞ്ഞു.
Comments