ദോഹ: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്നിരുന്ന ഒരു യുവാവ് തന്റെ ടീ-ഷർട്ട് വലിച്ചൂരിയെന്ന ഒറ്റ കാരണത്താൽ വൈറലായിരുന്നു. സൗദി ആരാധകനായ യുവാവായിരുന്നു ആ വൈറൽ താരം. പോളണ്ട്-സൗദി മത്സരത്തിനിടെ ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെയാണ് സൗദി ആരാധകൻ തന്റെ ടീ-ഷർട്ട് വലിച്ചൂരിയത്. കീഴെ പോളണ്ട് താരത്തിന്റെ ജഴ്‌സിയായിരുന്നു എന്നതിനാൽ ഈ ദൃശ്യങ്ങൾ പൊടുന്നനെ വൈറലാകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വൈറലായ വീഡിയോ പോളണ്ടിന്റെ ഇതിഹാസ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പക്കലും എത്തി. ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ”എന്തൊരു പിന്തുണയാണിത്! നിങ്ങൾക്കായി തരാൻ എന്റെ കൈയ്യിൽ ഒരു ജഴ്‌സിയുണ്ട്. കാത്തിരിക്കൂ” എന്ന അടിക്കുറിപ്പോടെയാണ് ലെവൻഡോവ്‌സ്‌കി ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒടുവിൽ ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ ആരാധകരുടെ സ്വന്തം പോളിഷ് സ്‌ട്രൈക്കർ മറ്റൊരു പോസ്റ്റുമായി എത്തി.
വൈറലായ ആ സൗദി ആരാധകനോടൊപ്പമുള്ള ഫോട്ടോയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. യുവാവിന് തന്റെ ജഴ്‌സി കൈമാറുന്നതായിരുന്നു ചിത്രം. അത്യധികം സന്തോഷവാനായ ആരാധകനെയും ഫോട്ടോയിൽ കാണാം. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രവും വൈറലായി. ”നിങ്ങൾ അയാളെ കണ്ടെത്തി ഇതു നൽകി.. എല്ലാ ഫുട്‌ബോൾ താരങ്ങളും ചെയ്യുന്ന ഒരു കാര്യമല്ല ഇതെന്ന്” പലരും അഭിപ്രായപ്പെട്ടു. വൈറലായ സൗദി ആരാധകനോടൊപ്പം പോളിഷ് താരം നിൽക്കുന്ന മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
The fan who swapped jerseys during Poland's match against Arabia got a red and white one from Lewandowski for the huge support he received from the fan pic.twitter.com/EhSmguk0Gm
— Eric Lewandowski (@rl9_fan_acc) November 27, 2022
സൗദിക്കെതിരായ തകർപ്പൻ ജയത്തിന് ശേഷം ഇനി പോളണ്ട് കാത്തിരിക്കുന്നത് അർജ്ജന്റീനയെയാണ്. ബുധനാഴ്ചയാണ് അർജ്ജന്റീനയുമായുള്ള മത്സരം. ആദ്യ കളിയിൽ ദയനീയ പരാജയമേറ്റുവാങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെ തോൽപ്പിച്ചാണ് ഇനി പോളണ്ടിനെ നേരിടാൻ പോകുന്നത്. ഡിസംബർ 1ന് അർദ്ധരാത്രി 12.30നാണ് മത്സരം.
Comments