സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെലെയെ അടിയന്തരമായി സവോപോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ വ്യക്തമാക്കി. ക്യാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയ്‌ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നതായാണ് റിപ്പോർട്ട്. വൻ കുടലിൽ ക്യാൻസർ ബാധിച്ച 82-കാരനായ പെലെ ദീർഘനാളായി ചികിത്സയിലാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൻകുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടർന്ന് പെലെ ദീർഘകാലം ആശുപത്രിയിൽ തുടർന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ പതിവ് ചികിത്സകൾക്കായാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മകളായ കെയ്ലി നാസിമെൻറോ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ കീമോ തെറാപ്പിയോട് പെലെയുടെ ശരീരത്തിലെ അവയവങ്ങൾ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളോ ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും കെയ്ലി പറഞ്ഞു. പുതുവർഷത്തിൽ പിതാവിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ അപ്പോൾ പോസ്റ്റ് ചെയ്യാമെന്നും കെയ്ലി വ്യക്തമാക്കി.
Comments