രാംപൂർ: വിവാദ പരാമർശത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അസം ഖാൻ പ്രസംഗിച്ചത്. നവംബർ 29-ന് രാംപൂരിലെ ഷുതാർഖാനയിലാണ് സംഭവം. അസം ഖാൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. ഷെഹ്‌നാസ് ബീഗം എന്ന സ്ത്രീയുടെ പരാതിയിലാണ് സമാജ്‌വാദി പാർട്ടി നേതാവിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്.
‘ഉത്തർപ്രദേശിൽ കഴിഞ്ഞ നാല് സർക്കാരുകളിലും ഞാൻ മന്ത്രിയായിരുന്നു. അന്ന് ഞാൻ എന്റെ അധികാരം ഉപയോഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അവരുടെ അമ്മമാരോട് പ്രസവിക്കുന്നതിന് അനുമതി ലഭിച്ചിരുന്നോ എന്ന് ചോദിച്ചേനെ’ എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമർശം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന ഇതാദ്യമായല്ല അസം ഖാൻ നടത്തുന്നത്. ഇതിന് മുമ്പ്, നടിയും എംപിയുമായിരുന്ന ജയപ്രദയേയും ലോകസഭാ അംഗവും ബിജെപി നേതാവുമായ രമാദേവിയേയും ഇയാൾ അധിക്ഷേപിച്ചിരുന്നു.
2019-ലെ വിദ്വേഷ പ്രസംഗ കേസിൽ രാംപൂർ ജില്ലാ കോടതി അസംഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇതിനെ തുടർന്ന് രാംപൂർ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. രണ്ട് വർഷത്തിലധികം നീണ്ട ജയിൽവാസം കാരണം ഇയാൾക്ക് നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടു. നിലവിൽ, ഷെഹ്‌നാസ് ബീഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 394 (ബി), 354 എ, 353 (എ), 504, 505 (2), 509, സെക്ഷൻ 125 എന്നിവ പ്രകാരമാണ് രാംപൂർ പോലീസ് എസ്പി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Comments