ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാര തിളക്കവുമായി രാജമൗലി ചിത്രം ആർആർആർ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം എസ്.എസ്. രാജമൗലി നേടി. ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സിന്റെ 2022ലെ മികച്ച 22 സിനിമകളുടെ പട്ടികയിലും ആർആർആർ ഇടം പിടിച്ചിട്ടുണ്ട്. 12-ാം സ്ഥാനമാണ് രാജമൗലി ചിത്രത്തിന് ലഭിച്ചത്.
ഓസ്‌കർ അവാർഡിനായി മത്സരിക്കാൻ ആർആർആറിന് പ്രമോഷനുകൾ പുരോഗമിക്കുന്നതിനിടെയാണ് ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരം ചിത്രത്തെ തേടിയെത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മികച്ച സിനിമ, സംവിധായകൻ തുടങ്ങി ഓസ്‌കറിന്റെ 14 വിഭാഗങ്ങളിൽ ആർആർആർ മത്സരിക്കുമെന്നാണ് വിവരം.
ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ആർആർആർ 2022 തുടക്കത്തിലാണ് തീയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസിൽ 1150 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ഒടിടി സ്ട്രീമിങ് നെറ്റ്ഫ്‌ളിക്‌സിനായിരുന്നു ലഭിച്ചത്. ആഗോളതലത്തിലും വലിയ പ്രശംസകൾ പിടിച്ചുപറ്റാൻ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് കഴിഞ്ഞു.
സൂപ്പർഹിറ്റ് ബ്ലോക്ക്ബസ്റ്റർ സിനിമയായ ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആർആർആർ. ഇന്ത്യയിൽ മൂന്ന് സിനിമകളാണ് ഇതുവരെ ബോക്‌സ് ഓഫീസിൽ 1000 കോടി രൂപ കളക്ഷൻ നേടിയത്. ഹിന്ദി ചിത്രം ദംഗലിന് ശേഷം ബാഹുബലി 2 ഉം ആർആർആറും 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.
Comments