പാറശ്ശാല: പൊഴിയൂരിൽ കഴിഞ്ഞ മാസം 28 ന് ദുരൂഹസാഹചര്യത്തിൽ കാണാതായ എംസിഎ വിദ്യാർത്ഥിനിയെ കണ്ടെത്തി.മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പർദ്ദ ധരിച്ചുപോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
നാളെ പെൺകുട്ടിയുമായി പോലീസ് കേരളത്തിലെത്തും. പെൺകുട്ടി രഹസ്യമായി മറ്റൊരു മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനായി സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. അടിമുടി ദുരൂഹതയുള്ളതിനാൽ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.
ഈ കഴിഞ്ഞ 28 നാണ് മൊല്ലങ്കോട് മേടവിളാകം മാർത്താണ്ഡംതുറ സ്വദേശിനിയായ 24 കാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.
പൊഴിയൂർ കടൽത്തീരത്തു നിന്നാണ് എംസിഎ വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്.തുടർന്ന് നടത്തിയ തിരച്ചിലിൽ ചെരിപ്പും ഒരു ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയത്തിൽ പൊഴിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ടതായും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായും കണ്ടെത്തി.പിന്നാലെ പൊഴിയൂർ മേഖലയിലെ സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പർദ്ദ ധരിച്ച ഒരു പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിപോകുന്നത് കണ്ടെത്തി. ഇത് കാണാതായ പെൺകുട്ടി തന്നെയാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ 200 രൂപ ഗൂഗിൾ പേ ചെയ്താൽ പണമായി നൽകാമോയെന്നു പെൺകുട്ടി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും കടക്കാരൻ മൊഴി നൽകി.
ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ ആർക്കുമറിയാത്ത നമ്പറാണെന്നു സ്ഥിരീകരിച്ചു. ഇതോടെ നമ്പറും, നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പോലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പോലീസ് സംഘം മുംബൈയിലേക്ക് പറന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
















Comments