പട്ന : സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാനാകാതെ പെടാപ്പാട് പെടുകയാണ് ബിഹാർ സർക്കാർ. 2016 ൽ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നും ബിഹാറിൽ വ്യാജ മദ്യദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വ്യാജ മദ്യം കഴിച്ച് സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മദ്യക്കച്ചവടക്കാർക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തിയത്.
മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സർക്കാർ നൽകുമെന്ന് നിതീഷ് കുമാർ അറിയിച്ചു. പുതിയൊരു ഉപജീവനമാർഗ്ഗം കണ്ടെത്താൻ ഈ തുക ഉപകരിക്കും. സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ലഹരി വിമുക്ത ദിനത്തിൽ എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധമായ ബിഹാർ കെട്ടിപ്പടുക്കാനും പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്ന് നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് കർശന മദ്യനിരോധനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments