ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് കാരണം പരിക്ക് പറ്റുന്ന അവസ്ഥയാണുള്ളതെന്നാണ് പരാതിയുയരുന്നത്. നിലയ്ക്കലിൽ നിന്ന് ബസ്സുകളിൽ കയറാൻ ക്യൂ സംവിധാനം ഒരുക്കുന്ന ദേവസ്വം ബോർഡ് പമ്പയിൽ തിരിച്ചു കയറുന്നിടത്ത് ഈ സംവിധാനം ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഭക്തരെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനങ്ങളും പമ്പയിൽ ഒരുക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോലീസിനെയും കെഎസ്ആർടിസിയെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ദേവസ്വം ബോർഡിന്റെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണമാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഭക്തരെ നിയന്ത്രിക്കാനോ, ക്യൂ സംവിധാനമൊരുക്കി അവരെ ബസിൽ കയറ്റാനോ ഇവിടെ സജ്ജീകരണങ്ങൾ ഒന്നും തന്നെയില്ല. പമ്പയിൽ നിന്നുള്ള ബസ് സർവീസ് കൃത്യ സമയത്ത് നടക്കുന്നില്ല എന്ന പരാതികളും ഉയരുന്നുണ്ട്.
ഇത് സംബന്ധിച്ച് പരാതി നൽകാൻ ഭക്തർ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. കെഎസ്ആർടിസി ബസ് സർവീസ് ഭക്തരുടെ ആവശ്യപ്രകാരം തയ്യാറാക്കേണ്ടതും ഏകോപിപ്പിക്കേണ്ടതും ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് പോലീസും കെഎസ്ആർടിസി അധികൃതരും പറയുന്നുണ്ട്. എന്നാൽ ഇത് കൈകാര്യം ചെയ്യാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി. പരസ്പരം പഴിചാരുന്ന സർക്കാർ സംവിധാനങ്ങൾ ഭക്തർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ദർശനം കഴിഞ്ഞെത്തുമ്പോൾ ബസിൽ കയറാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തീർത്ഥാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. വിവിധ ഡിപ്പോകളിൽ നിന്നായി പത്തു ബസുകളാണ് ആദ്യം നിലയ്ക്കലിൽ എത്തിക്കുന്നത്. ഇതിൽ നാലെണ്ണം ശനിയാഴ്ച വൈകീട്ട് ഡിപ്പോയിൽ എത്തിയിട്ടുണ്ട്. തിരക്ക് ഏറുകയാണെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.
Comments