ന്യൂഡൽഹി: ഏഷ്യയിലെ മനുഷ്യസ്‌നേഹികളായ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോർബ്‌സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം എഡിഷനിലാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ കോടീശ്വരന്മാരിൽ ഒരാളായാണ് ഫോർബ്‌സിൽ അദാനിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ അദ്ദേഹത്തിന് 60 വയസ് പിന്നിട്ടപ്പോൾ 60,000 കോടി രൂപ ദാനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദാനി ഫൗണ്ടേഷൻ മുഖേന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കിൽ ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായി തുക ചിലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ഫോർബ്സ് പട്ടികയിൽ ഇടം നേടാൻ കാരണമായത്. 1996ൽ സ്ഥാപിതമായതാണ് അദാനി ഫൗണ്ടേഷൻ.
ഗൗതം അദാനിയെ കൂടാതെ കോടീശ്വരനായ ശിവ നദാറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എച്ച്‌സിഎൽ ടെക്‌നോളജിയുടെ സ്ഥാപകനായ ശിവ നദാർ ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ സമ്പന്നരിൽ ഒരാളാണ്. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടയിൽ ശിവ നദാർ ഫൗണ്ടേഷനിലൂടെ ഒരു ബില്യൺ യുഎസ് ഡോളർ സമ്പാദ്യം അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 11,600 കോടി രൂപയാണ് ശിവ നദാർ ഫൗണ്ടേഷൻ മുഖേന അദ്ദേഹം ദാനം ചെയ്തത്.
















Comments