സിനിമാ-സീരിയൽ രംഗത്ത് പ്രശസ്തയായ അഭിനേത്രിയാണ് സ്വാസിക. നടിയുടെ വ്യത്യസ്തമായ ഉറച്ച നിലപാടുകൾ പലപ്പോഴും ചർച്ചായാകാറുമുണ്ട്. സിനിമാ മേഖല സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷിതമാണെന്ന വിഷയത്തിൽ വിമർശനങ്ങളും ചർച്ചകളും പുരോഗമിക്കുമ്പോൾ നടിയെന്ന നിലയിൽ തൊഴിൽ മേഖലയിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്വാസിക.
ഈ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ച് കൊണ്ടുപോയി റേപ്പ് ചെയ്യില്ല. അത്രയും സുരക്ഷിതമാണ് സിനിമാ ഇൻഡസ്ട്രി. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ആവശ്യപ്പെടില്ലെന്ന് സ്വാസിക പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.
സിനിമയിൽ കാസ്റ്റിങ് കൗച്ചിന്റെ പേരിൽ ചൂഷണം നടക്കുന്നുണ്ട്. പക്ഷേ ആരും ബലമായി ഒന്നിനും നിർബന്ധിക്കില്ല. ശക്തമായി എതിർത്താൽ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഷൂട്ടിങ്ങ് സ്ഥലത്ത് താമസിക്കുന്ന ഘട്ടങ്ങളിൽ നമ്മൾ അകത്തേക്ക് കയറി ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ ഒരാളും വരില്ല. അസമയത്ത് വന്ന് വാതിലിൽ കൊട്ടിയാൽ തുറന്നുകൊടുക്കുന്നത് എന്തിനാണ്? പ്രതികരിക്കാനുള്ള ധൈര്യമാണ് വേണ്ടതെന്നും നടി പറയുന്നു.
ഡബ്ല്യൂസിസി മാത്രമല്ല, പോലീസ് സ്‌റ്റേഷനും വനിതാ കമ്മീഷനുമെല്ലാം പരാതി കേൾക്കാനുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ വച്ചുതാമസിപ്പിക്കാതെ പോയി പരാതിപ്പെടണം. ഇന്ന് രാവിലെയാണ് ദുരനുഭവം ഉണ്ടായതെങ്കിൽ ഇന്ന് വൈകിട്ട് തന്നെ പരാതി നൽകണം. അല്ലാതെ സിനിമയും കഴിഞ്ഞ് പാക്ക് ചെയ്ത് പോയിട്ട് പറയുകയല്ല ഉചിതം. ഒരു സ്ത്രീക്ക് ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും മുഖത്ത് നോക്കി രണ്ട് വർത്തമാനം പറയാനുമുള്ള ധൈര്യം ഉണ്ടാകണം. അതിന് സംഘടനയെ ആശ്രയിക്കേണ്ട. ആ ധൈര്യം ഉള്ളിൽ നിന്ന് വരണം.
മലയാള സിനിമയിൽ ഡബ്ല്യൂസിസി എന്ന സംഘടന ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ അവരുടെ പ്രവർത്തനം എന്താണെന്ന് കൃത്യമായി തനിക്ക് പറയാൻ അറിയില്ല. ഏതെങ്കിലും ഒരു സിനിമാ സെറ്റിൽ നിന്ന് മോശം അനുഭവമുണ്ടായാൽ ഉടൻ പ്രതികരിച്ച് ആ ജോലി വേണ്ടെന്ന് വ്യക്തമാക്കി ഇറങ്ങി വരുമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്വാസിക പ്രതികരിച്ചു.
Comments