ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ ഹിമാചൽ പ്രദേശിൽ കോൺഗ്രസാണ് വിജയിച്ചത്. 68 സീറ്റുകളിലേക്കായി നടന്ന മത്സരത്തിൽ 40 സീറ്റുകളിൽ കോൺഗ്രസും 25 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. മൂന്നെണ്ണത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയം നേടി. മത്സരിച്ച് വിജയിച്ച സ്ഥാനാർത്ഥികളിൽ സ്ഥാനാർത്ഥികളിൽ ആകെ ഒരു വനിത മാത്രമാണുളളത്. ബിജെപി ടിക്കറ്റിൽ മത്സരിച്ച റീന കശ്യപ് ആണ് വരുന്ന അഞ്ച് വർഷം സംസ്ഥാനത്തെ സ്ത്രീസമൂഹത്തെ മുഴുവൻ നിയമസഭയിൽ പ്രതിനിധീകരിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് വനിതാ സ്ഥാനാർത്ഥികളാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. കോൺഗ്രസിന് അഞ്ച് വനിതാ സ്ഥാനാർത്ഥികളും ആം ആദ്മിക്ക് മൂന്ന് വനിതാ സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. പച്ഛാഡ് നിമസഭാ മണ്ഡലത്തിൽ നിന്നുള്ള റീനയ്ക്ക് മാത്രമാണ് വിജയിക്കാനായത്. 49 ശതമാനം വനിതാ വോട്ടർമാരുള്ള സംസ്ഥാനത്താണ് കേവലം ഒറ്റ വനിതാ സ്ഥാനാർത്ഥി മാത്രം വിജയിച്ചത്. മികച്ച സ്ഥാനാർത്ഥികളെയാണ് തങ്ങൾ നിർത്തിയിരുന്നതെന്ന് എല്ലാ പാർട്ടികളും അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് വനിതാ സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മടിക്കുന്നുവെന്ന ചോദ്യം ബാക്കിയാകുകയാണ്.
ഹിമാചലിൽ ഇത് ആദ്യത്തെ സംഭവമല്ല. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ 4 വനിതാ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സംസ്ഥാനത്ത് സ്ത്രീശാക്തീകരണം എന്നത് പരസ്യങ്ങളിൽ മാത്രമാകരുതെന്നും സ്ത്രീകളെ കൂടുതൽ പൊതുവേദിയിൽ എത്തിക്കാനുളള ശ്രമങ്ങൾ ഉണ്ടാകണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Comments