ഹിമാചൽ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാഹുൽ ഗാന്ധി പങ്കെടുക്കും

Published by
Janam Web Desk

ഷിംല: ഹിമാചൽ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാവും. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെയും പി.സി.സി. അദ്ധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകൻ വിക്രമാദിത്യയ്‌ക്ക് മന്ത്രിസഭയിൽ സുപ്രധാന പദവിനൽകും.

ചടങ്ങിൽ വയനാട് എംപി രാഹുൽ ഗാന്ധി,പ്രിയങ്ക വാദ്ര, മല്ലികാർജ്ജുൻ ഖാർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയ്‌ക്ക് ഇടവേള നൽകിയാണ് രാഹുൽ ഗാന്ധി സുഖ് വീന്ദർ സിംഗിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക.

ഇന്നലെ രാത്രി തന്നെ സുഖ് വീന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു. ഏറെ ഊഹാപോഹങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം സുഖ് വീന്ദർ സിംഗിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗിനെയും മുകേഷ് അഗ്‌നിഹോത്രിയെയും പിന്തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തർക്കം തുടരുകയാണ്. പ്രതിഭ സിംഗാണ് പ്രധാനമായും രംഗത്തുള്ളത്. മുകേഷ് അഗ്‌നിഹോത്രിയെ അംഗീകരിക്കുന്നുണ്ടെങ്കിലും സുഖ് വീന്ദർ സിംഗ്  സുഖുവിന്റെ കാര്യത്തിലാണ് പ്രതിഭയ്‌ക്ക് അതൃപ്തി. എംഎൽഎമാരുടെ വികാരം അവഗണിക്കാനാവില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വീന്ദർ സിംഗ് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത് വിഭാഗക്കാരാണ്. അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ ഏത് രീതിയിലാകും അനുനയിപ്പിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല.

Share
Leave a Comment