പനാജി: ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 2016 നവംബറിൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയാണ് ഇന്ന് അദ്ദേഹം നാടിന് സമർപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ഗോവ മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കറിന്റെ പേരാണ് വിമാനത്താവളത്തിന് നൽകിയിട്ടുളളത്. ഇതിലൂടെ മനോഹർ പരീക്കറിന്റെ സംഭാവനകൾ എല്ലാകാലത്തും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എട്ട് വർഷം കൊണ്ട് തന്റെ സർക്കാർ 72 വിമാനത്താവളങ്ങളാണ് നിർമിച്ചത്. മുൻപ് അധികാരത്തിലിരുന്നവർ 70 വർഷം കൊണ്ട് 70 വിമാനത്താവളങ്ങൾ മാത്രം പൂർത്തിയാക്കിയ സ്ഥാനത്താണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യവികസനം വേണ്ട പ്രദേശങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 21 ാം നൂറ്റാണ്ടിൽ ആഗോള തലത്തിൽ അടയാളപ്പെടുത്തുന്ന ഒരു പുതിയ ഇന്ത്യയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിവർഷം 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുളളതാണ് വിമാനത്താവളം. ഭാവിയിൽ ഇത് 3.5 കോടിയായി വരെ ഉയരാം. രണ്ട് വിമാനത്താവളങ്ങളുടെ സാന്നിധ്യം ഗോവയുടെ കാർഗോ വിനിമയ ശേഷിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗോവയിലെ ജനങ്ങൾ പലപ്പോഴായി തനിക്ക് നൽകിയ സ്‌നേഹമാണ് വികസനത്തിന്റെ രൂപത്തിൽ താൻ തിരികെ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2000 ത്തിൽ ആറ് കോടി മാത്രമായിരുന്നു രാജ്യത്തെ വിമാനയാത്രക്കാർ. എന്നാൽ കൊറോണയ്‌ക്ക് തൊട്ടുമുൻപ് 2020 ൽ ഇത് 14 കോടിയിൽ അധികമായി ഉയർന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എട്ട് വർഷമായി തന്റെ സർക്കാർ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. വീസ നടപടികൾ ലഘൂകരിച്ചതും വീസ ഓൺ അറൈവൽ സൗകര്യവുമൊക്കെ ഇതിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഗവർണർ പി.എസ് ശ്രീധരൻ പിളള, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തുറമുഖ വകുപ്പ് സഹമന്ത്രി ശ്രീപദ് യശോ നായിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments