ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉണ്ടായ ഇന്ത്യ-ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സംഘർഷത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം ചർച്ച ചെയ്ത് രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇരു സഭകളിലും നോട്ടീസ് നൽകി. പ്രതിരോധ മന്ത്രി 12 മണിക്ക് ലോക് സഭയിലും 2 മണിക്ക് രാജ്യസഭയിലും പ്രസ്താവന നടത്തും.
ഡിസംബർ 9 നാണ് തവാംഗ് സെക്ടറിലുളള നിയന്ത്രണരേഖയിൽ ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ഗാൽവാൻ മോഡൽ അതിർത്തി ലംഘനത്തിനാണ് ചൈനീസ് പട്ടാളം പരിശ്രമിച്ചത്.ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്. മുന്നൂറിലധികം വരുന്ന ചൈനീസ് സൈനികർ ഇവിടെയെത്തിയെങ്കിലും ഇന്ത്യൻ സൈന്യം അവരെ തുരത്തിയോടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ സൈനികർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം അരുണാചലിലെ തവാംഗ് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ കിഴക്കൻ ലഡാക്ക് മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതിർത്തി സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചുചേർത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനികമേധാവി അനിൽ ചൗഹാൻ, നാവിക സേനാ മേധാവി അഡ്മിനറൽ ആർ ഹരികുമാർ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർമാർഷൽ വിആർ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
















Comments