തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാർ ഓഫീസ് ജീവക്കാരി വിജിലൻസിന്റെ പിടിയിൽ. നേമം സബ് രജിസ്ട്രാർ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയാണ് കൈക്കൂലിയായി നൽകിയ 3,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസിന്റെ പിടയിലായത്.
കല്ലിയൂർ പാലപ്പൂര് സ്വദേശി സുരേഷിന്റെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് സുരേഷിന്റെ അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരിൽ എഴുതാനായി സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്. അസൽ പ്രമാണം ഇല്ലാത്തതിനാൽ അടയാള സഹിതം പകർപ്പെടുക്കാനായാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങൾ നടക്കാൻ മൂവായിരം രൂപ ശ്രീജയ്ക്ക് നൽകാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ടതായി സുരേഷ് വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നൽകിയ നോട്ടുമായി ചൊവ്വഴ്ച രാവിലെയാണ് സുരേഷ് ഓഫീസിസലെത്തിയത്. പണം ശ്രീജയ്ക്ക് കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് ഇവർ പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം നേമം സബ് രജിസ്ട്രാർ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടിലും പരിശോധന നടത്തി. അഴിമതി സംബന്ധിച്ച വിവരങ്ങൾ 8592900900 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Comments