പട്ന: ബിഹാറിൽ 14 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം മഹാപാപികളായ മദ്യപർ സ്വയം വരുത്തി വച്ചതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാജമദ്യ ദുരന്തം പ്രതിപക്ഷമായ ബിജെപി നിയമസഭയിൽ ഉന്നയിച്ചപ്പോൾ, രൂക്ഷമായ പ്രതികരണമായിരുന്നു നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വ്യാജമദ്യ ദുരന്തത്തിന് കാരണം ബിഹാർ സർക്കാർ നടപ്പിലാക്കിയ വികലമായ മദ്യനിരോധനമാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെ ആരോപണം.
മദ്യനിരോധനം വികലമായി നടപ്പിലാക്കിയതോടെ മഹാസഖ്യ സർക്കാർ ദുരന്തം വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ബിജെപി എം എൽ എമാർ സഭയിൽ ആരോപിച്ചു. നിരോധനം പുനപരിശോധിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടത് ശ്രദ്ധേയമായി.
14 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം മഹാപാപികളായ മദ്യപർ സ്വയം വരുത്തി വച്ചതാണെന്ന നിതീഷ് കുമാറിന്റെ വാക്കുകൾക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. സർക്കാർ സംവിധാനങ്ങളുടെ പരാജയം മൂലം കൊല്ലപ്പെട്ടവരെ, മരിച്ചതിന് ശേഷവും അപമാനിക്കുന്നത് സംസ്കാരശൂന്യമാണെന്ന് ആരോപിച്ച്, പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
മദ്യത്തിന്റെ ദൂഷ്യവശങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സർക്കാർ വേണ്ട ബോധവത്കരണ പരിപാടികളൊക്കെ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും മദ്യപാനികൾ മരിച്ചെങ്കിൽ അത് അവരുടെ കുറ്റമാണ്. ആ മഹാപാപികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അവർക്ക് നഷ്ടപരിഹാരം നൽകാനോ ഉള്ള ബാദ്ധ്യത സർക്കാരിനില്ല. ഇതായിരുന്നു നിതീഷ് കുമാറിന്റെ വിവാദമായ പ്രസ്താവന. ഈ നിലപാട് വ്യാജമദ്യ ലോബിക്കുള്ള പ്രോത്സാഹനമാണ് എന്ന് ബിജെപി നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
















Comments