പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; സ്വകാര്യ വ്യക്തികളുടെ പണം തിരികെ നൽകാതെ ബാങ്ക്; കോർപ്പറേഷന് മുഴുവൻ തുകയും കൈമാറിയത് ആഴ്ചകൾക്കുള്ളിൽ

Published by
Janam Web Desk

കോഴിക്കോട്: തട്ടിപ്പിനിരയായ സ്വകാര്യവ്യക്തികളുടെ പണം തിരികെ നൽകാതെ പഞ്ചാബ് നാഷണൽ ബാങ്ക്. സ്ഥാപനത്തിലെ 9 സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നും കോടികൾ ആണ് നഷ്ടമായത്. അതേസമയം കോർപ്പറേഷന്റെ നഷ്ടപ്പെട്ട മുഴുവൻ തുകയും 2 ആഴ്ചകൾക്കുള്ളിൽ ബാങ്ക് തിരികെ നൽകി.

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ആകെ 21.5 കോടിയുടെ തിരിമറിയാണ് നടന്നത്. ബാങ്കിലെ 17 അക്കൗണ്ടുകളിൽ നിന്നായിരുന്നു പണം നഷ്ടപ്പെട്ടത്. ഇതിൽ കോർപ്പറേഷന്റെ 8 അക്കൗണ്ടുകൾ മാറ്റിനിർത്തിയാൽ ബാക്കി ഒമ്പതും സ്വകാര്യ അക്കൗണ്ടുകളാണ്. കോർപ്പറേഷന്റെ നഷ്ടപ്പെട്ട പണം ബാങ്ക് തിരികെ നൽകിയപ്പോഴും സ്വകാര്യ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ട തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 8 കോടിയോളം രൂപയാണ് വ്യക്തിഗത അക്കൗണ്ടുകളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിന് ശേഷം ക്രൈംബ്രാഞ്ചും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കിനും കോർപ്പറേഷനുമെതിരെ നടന്ന സമരങ്ങളും പണം തിരിച്ചു ലഭിക്കാൻ കാരണമായി.

പക്ഷെ അപ്പോഴും സ്വകാര്യ വ്യക്തികളുടെ ആശങ്കകൾക്ക് പരിഹാരമായിട്ടില്ല. വരവു ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിലും ബാങ്ക് ഇടപാടുകളിലും കോഴിക്കോട് കോർപ്പറേഷൻ വരുത്തിയ വീഴ്ചയാണ് പണം നഷ്ടപ്പെടാൻ കാരണം. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് കോർപ്പറേഷൻ അവഗണിച്ചിരുന്നു.വിവിധ നികുതികൾ, വാടക, ഫീസുകൾ എന്നിവയുടെ ഡിമാൻഡ് രജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തി കോർപറേഷൻ സെക്രട്ടറി സൂക്ഷിച്ചിട്ടില്ലെന്നും ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.പക്ഷെ അപ്പോഴും കയ്യിലുള്ള പണം ബാങ്കിൽ നിക്ഷേപിച്ച സാധാരണക്കാർ ഇക്കാര്യങ്ങൾ എല്ലാം പരിപാലിച്ചിട്ടും പണം നഷ്ടപ്പെട്ടു. ഇതിൽ ആശങ്കയിലാണ് പണം നഷ്ടപെട്ടവർ.

Share
Leave a Comment