റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. സീസണിലെ ആദ്യ മത്സരത്തിൽ 85 റൺസിനാണ് ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ അട്ടിമറി ജയം. അവിശ്വസനീയവും ധീരവുമായ തീരുമാനങ്ങൾ കൃത്യമായ കണക്ക്കൂട്ടലുകളോടെ കൈക്കൊണ്ട നായകൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ജയത്തിന് പിന്നിൽ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 475 റൺസെടുത്തു. സിജോമോൻ 83 റൺസും രോഹൻ പ്രേം 79 റൺസും സഞ്ജു 72 റൺസും രോഹൻ കുന്നുമ്മൽ 50 റൺസും കേരളത്തിനായി സ്കോർ ചെയ്തു. ഝാർഖണ്ഡിന് വേണ്ടി ഷഹബാസ് നദീം 5 വിക്കറ്റ് വീഴ്‌ത്തി.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഝാർഖണ്ഡ് 340 റൺസിന് പുറത്തായി. 132 റൺസെടുത്ത ഇഷാൻ കിഷനാണ് ടോപ് സ്കോറർ. സൗരഭ് തിവാരി 97 റൺസെടുത്തു. ജലജ് സക്സേനയുടെ 5 വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ബേസിൽ തമ്പിക്ക് 3 വിക്കറ്റ് ലഭിച്ചു.
ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കേരളം അവസാന ദിവസം അതിവേഗം സ്കോർ ഉയർത്തി. രോഹൻ പ്രേം വേഗത്തിൽ 74 റൺസ് നേടി. ഏകദിന ശൈലിയിൽ മറ്റ് ബാറ്റർമാരും കളിച്ചതോടെ, അവസാന ദിവസം ലഞ്ചിന് ശേഷം 187ന് 7 എന്ന സ്കോറിൽ കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
കേരളം ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഝാർഖണ്ഡ് പിന്തുടർന്നു. എന്നാൽ 22 റൺസെടുത്ത ഇഷാൻ കിഷനെ തുടക്കത്തിലേ പുറത്താക്കിയത് കേരളത്തിന് നേട്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ കേരളം, ഝാർഖണ്ഡിനെ 7 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന അവസ്ഥയിൽ എത്തിച്ചു. എന്നാൽ, എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുഷ്ഗരയും മനീഷിയും പോരാട്ടം വീണ്ടും കേരള ക്യാമ്പിലേക്ക് നയിച്ചു.
പരാജയം മണത്ത കേരളത്തെ, ജലജ് സക്സേന വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. അതിവേഗം 92 റൺസ് സ്കോർ ചെയ്ത കുഷ്ഗരയെ സക്സേന ക്ലീൻ ബൗൾ ചെയ്തു. അപ്പോഴേക്കും ഝാർഖണ്ഡ് ബോർഡിൽ സ്കോർ 231 എത്തിയിരുന്നു. കുഷ്ഗര പുറത്തായതോടെ മനസ്സാന്നിദ്ധ്യം നഷ്ടമായ മനീഷിയെ ബേസിൽ തമ്പി പുറത്താക്കി. ആശിഷ് കുമാറിനെ സക്സേന പൂജ്യത്തിന് മടക്കിയതോടെ, അത്യന്തം ആവേശം നിറഞ്ഞു നിന്ന അവസാന ദിനത്തിനൊടുവിൽ, കേരളം തകർപ്പൻ ജയം കുറിച്ചു.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ 5 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, ജലജ് സക്സേന 4 വിക്കറ്റുമായി തിളങ്ങി.
















Comments