തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിനുള്ളിൽ ഓടിക്കളിക്കവെ കൈ ദേഹത്ത് തട്ടിയതിന് ആറര വയസ്സുകാരിയുടെ മുഖത്ത് കൈ ചുരുട്ടി ഇടിച്ചു. നെയ്യാറ്റിൻകര പൂവാറിലാണ് സംഭവം.
ചെങ്കണ്ണിന് ചികിത്സ തേടി അമ്മയ്ക്കൊപ്പം പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ശേഷം മടങ്ങവെയാണ് കരുംകുളം സ്വദേശിയായ പെൺകുട്ടിക്ക് മർദ്ദനമേറ്റത്. കരിങ്കുളം ചാനാകര ശിവൻ കോവിലിന് സമീപം താമസിക്കുന്ന യേശുദാസൻ എന്ന വ്യക്തിയാണ് കുട്ടിയെ ഇടിച്ചത്. മുഖത്ത് നീരും വേദനയും അനുഭവപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.
മർദ്ദനമേറ്റ കുട്ടിയോടും അമ്മയോടുമുള്ള പോലീസിന്റെ സമീപനത്തെ ചൊല്ലി വിമർശനം ഉയരുന്നുണ്ട്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി സ്വീകരിക്കാൻ കാഞ്ഞിരംകുളം പോലീസ് തയ്യാറായില്ല എന്നാണ് വിമർശനം. തുടർന്ന് പൂവാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ അടക്കം പരാതി നൽകിയെങ്കിലും, പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല എന്നാണ് ആരോപണം.
Comments