ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹ ചടങ്ങിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ കൂടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം അപകടമുണ്ടായി ഒരാഴ്ച പിന്നിട്ടും ദുരന്തം നടന്ന ഭുംഗ്ര ഗ്രാമം സന്ദർശിക്കാനോ ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തയ്യാറായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. ദുരിത ബാധിതരോടൊപ്പം നിൽക്കുന്നതിന് പകരം പാർട്ടിയുടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് ഗെഹ്ലോട്ടിന് താത്പര്യമെന്നും ബിജെപി നേതാവ് രാജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജയ്പൂരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘ ദാരുണമായ സംഭവമാണ് സംസ്ഥാനത്ത് നടന്നത്. 32 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. എന്നാൽ ദുരിത ബാധിതരെ സന്ദർശിക്കുകയോ, അവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയോ ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണെന്നും’ അദ്ദേഹം വിമർശിച്ചു.
ജോധ്പൂരിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരേയും റാത്തോഡ് സന്ദർശിച്ചു. അപകടത്തിൽ മരിച്ചവർക്ക് ഗ്യാസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി 11 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം എട്ടാം തിയതിയാണ് ഭൂംഗ്രയിൽ വിവാഹ ആഘോഷത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തീപിടുത്തത്തിൽ 50ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
















Comments