പിതാവിന്റെ മരണവിവരം അറിയിച്ച് ഫേസ്ബുക്കിൽ വ്യാജ പോസ്റ്റ് വന്നതിന് പിന്നാലെ ആദരാഞ്ജലികൾക്കും അനുശോചനങ്ങൾക്കും മറുപടി നൽകാൻ കഴിയാതെ അന്ധാളിച്ച് നിൽക്കുകയാണ് ജീവനോടെയുള്ള പിതാവ്. മകൻ തന്നെയാണ് വ്യാജ വാർത്ത പരത്തിയതെന്നാണ് ഏറെ വൈരുദ്ധ്യം. ഇടുക്കി പീരുമേട് പഞ്ചായത്തിലെ ജനപ്രതിനിധിയായിരുന്ന 60-കാരന്റെ ‘മരണവാർത്ത’ ഇന്നലെയാണ് മുപ്പത്തിനാലുകാരനായ മകൻ നാടിനെ ‘അറിയിച്ചത്’. പിതാവിന്റെ ചിത്രങ്ങൾക്കൊപ്പം, ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെയുള്ള വാചകങ്ങളും മകൻ ചേർത്തിരുന്നു. മൂത്ത മകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് മരണവിവരം അറിയിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇളയമകന്റെ വാട്സ്ആപ്പിൽ വന്ന സന്ദേശത്തിൽ നിന്നായിരുന്നു ഇക്കാര്യമെല്ലാം പിതാവ് അറിയുന്നത്. തുടർന്ന് ഫേസ്ബുക്കിൽ നോക്കിയപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയതായി കണ്ടത്. കുടുംബാംഗങ്ങളുടെ ഫോണിലേക്കുൾപ്പെടെ മരണകാരണം തിരക്കി ഫോൺ കോളുകൾ വരികയാണ്. സംസ്കാര സമയം ചോദിക്കുന്നവരോട് മരിച്ചിട്ടില്ലെന്ന യാഥാർഥ്യം മറുപടി നൽകി വീട്ടുകാർ മടുത്തു.
അച്ഛനും മകനും നിരന്തരം വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റിട്ട് കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. വ്യാജ വാർത്ത പ്രചരിപ്പിച്ച മകനെതിരെ പോലീസിൽ പരാതി നൽകാനാണ് പിതാവ് ആദ്യം തീരുമാനിച്ചത്. എന്നാൽ കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകന് മാപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നു പിതാവ്. എന്നാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി മറ്റാരോ പോസ്റ്റ് ചെയ്തതാണ് പിതാവിന്റെ വ്യാജ മരണ വാർത്തയെന്നാണ് മറ്റൊരു ജില്ലയിൽ ജോലി ചെയ്യുന്ന മകന്റെ വിശദീകരണം.
Comments