പനാജി: ചൈന യുദ്ധത്തിന് തയ്യാറാകുകയാണെന്നും യുദ്ധ ഭീഷണിയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും ആരോപിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. രാഹുൽ ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം പരിധിക്കപ്പുറമാണെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. സൈന്യത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം രാഹുൽ ഗാന്ധിക്ക് മറുപടി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ അതിരു കടന്ന പരാമർശങ്ങളെയും സാവന്ത് വിമർശിച്ചു.
‘ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള വെറുപ്പിനേക്കാളും അതിരു കവിഞ്ഞതാണ് രാഹുൽ ഗാന്ധിയ്ക്ക് ചൈനയോടുള്ള സ്നേഹം. ഇന്ത്യൻ സായുധ സേന ധീരതയോടും ധൈര്യത്തോടും കൂടി ഇന്ത്യയുടെ അതിർത്തി കാക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും സായുധ സേനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു’ എന്ന് സാവന്ത് ട്വിറ്ററിൽ കുറിച്ചു.
ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചൈനയുടെ ഭീഷണിയുമായി ബന്ധപ്പെട്ട് സൈന്യത്തെയും കേന്ദ്രസർക്കാരിനെയും രാഹുൽ ഗാന്ധി വില കുറച്ച് കാണിച്ചത്. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യൻ സർക്കാർ ഭീഷണി അവഗണിക്കുയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന പിടിച്ചെടുത്തുവെന്നും 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് രാഹുൽ ഗാന്ധി വാദിച്ചത്.
Comments