കൊച്ചി : പുതുവത്സരാഘോഷങ്ങൾക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വൻശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കർശനമാക്കുമ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. പുതുവത്സര ആഘോഷവിൽപ്പനയ്‌ക്കായി എത്തിച്ച 120 ഗ്രാം എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ കലൂരിലെ ഫ്‌ലാറ്റിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പുതുവത്സരാഘോഷങ്ങൾക്കുള്ള സിന്തറ്റിക് ലഹരികൾ വലിയ തോതിൽ നേരത്തെ തന്നെ കൊച്ചിയിലേക്ക് എത്തിച്ച് കഴിഞ്ഞുവെന്നാണ് വിവരം. നഗരത്തിലെ ഫ്‌ലാറ്റുകളും, വീടുകളും വാടകയ്‌ക്കെടുത്ത് ഇവിടെ തങ്ങിയാണ് യുവാക്കളുടെ സംഘങ്ങൾ ലഹരി വിൽപ്പനയിൽ സജീവമായിരിക്കുന്നത്. പെൺകുട്ടികളെയാണ് കാരിയർമാരായി കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നതെന്നും വ്യക്തമാവുകയാണ്. കഞ്ചാവ് പൊതികളിൽ നിന്ന് ഹാഷിഷ് ഓയിൽ, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ അതിമാരക ലഹരി വസ്തുക്കളിലേക്ക് മാറി. ആദ്യം ലഹരിക്ക് അടിമയാക്കി, പിന്നീടാണ് പെൺകുട്ടികളെ കാരിയർമാരാക്കി മാറ്റുന്നത്. ലഹരിക്ക് പണം കണ്ടെത്താൻ മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുന്ന പെൺകുട്ടികളുമുണ്ട്.
വിൽപ്പനയ്‌ക്കായി ലഹരി മാറ്റുന്നതിനിടെയായിരുന്നു കലൂർ ആസാദ് റോഡ് ലിബർട്ടി ലെയ്‌നിന് സമീപത്തെ ഫ്‌ലാറ്റിൽ നിന്ന് യുവതിയും, രണ്ട് യുവാക്കളും പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതായിരുന്നു എംഡിഎംഎ. പിടിയിലായ പതിനെട്ട് വയസുള്ള ഇടുക്കി സ്വദേശിനിയെ ലഹരി സംഘം കരിയറാക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടകളിലും പെൺകുട്ടികളും, യുവതികളും പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ പെൺകുട്ടികളെ കരിയർമാരാക്കുന്നതോടെ പോലീസ് -ഡാൻസാഫ് സംഘങ്ങളുടെ സംശയത്തിലോ, നിരീക്ഷണത്തിലോ പെട്ടെന്ന് എത്തില്ലെന്നതും മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗപ്പെടുത്തുകയാണ്.
















Comments