കൊച്ചി: ലോകകപ്പ് വിജയലഹരിയിൽ കൊച്ചിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
സ്‌റ്റേഡിയം കവാടത്തിൽ സ്ഥാപിച്ചിരുന്ന ബിഗ് സ്‌ക്രീനിൽ കളി കാണാൻ എത്തിയവരാണ് വിജയലഹരിയിൽ മത്സരത്തിന് ശേഷം അക്രമത്തിലേക്ക് കടന്നത്. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ റോഡിൽ വാഹനങ്ങൾ തടഞ്ഞു. ഇത് കണ്ട് ചോദ്യം ചെയ്യാനെത്തിയ പോലീസുകാരൻ ലിബിനെ ഇവർ അക്രമിക്കുകയായിരുന്നു.
ലിബിനെ കാലിൽ പിടിച്ച് വലിച്ചിഴയ്‌ക്കുന്നതിന്റെയും തൂക്കിയെടുക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തടയാൻ ശ്രമിച്ച മറ്റൊരു പോലീസുകാരനും മർദ്ദനമേറ്റിരുന്നു. പിന്നീട് സ്ഥലത്ത് കൂടുതൽ പോലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. അഞ്ച് പേരെ സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്തിരുന്നു.
പത്തോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
Comments