തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2022 അവസാനിച്ച സാഹചര്യത്തിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും നീക്കം ചെയ്യണമെന്ന് കേരളാ പോലീസിന്റെ നിർദേശം. കേരളത്തിന്റെ ഫുട്‌ബോൾ സ്‌നേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇനി ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യാമെന്നും പരിസ്ഥിതി സംരക്ഷണത്തിലും നമുക്ക് മാതൃകയാകാമെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
”മലയാളികളുടെ ഫുട്‌ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു. ഫുട്‌ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്. കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ..” ഇതായിരുന്നു പോലീസിന്റെ എഫ്ബി പോസ്റ്റ്.
എന്നാൽ നിർദേശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോലീസിന്റെ പറച്ചിൽ കേട്ടാൽ തോന്നും രാഷ്‌ട്രീയ പാർട്ടികളുടെ ഫ്‌ളക്‌സ് ഇവിടെ വച്ചില്ലെന്ന്, ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച ഫ്‌ളക്‌സ് മാത്രം നീക്കിയാൽ മതിയോ, തീയതി കഴിഞ്ഞ ഒരുപാട് പാർട്ടി ബോർഡുകൾ ഇപ്പോഴും റോഡുകളിൽ ഇരിപ്പുണ്ട്, സമ്മേളനവും, ഇലക്ഷനും കഴിയുമ്പോഴും ഇതുപോലെ പോസ്റ്റ് ഇടാൻ മറക്കരുത് എന്നിങ്ങനെയെല്ലാമുള്ള കമന്റുകൾ പോസ്റ്റിന് താഴെ ഉയരുന്നുണ്ട്. അതേസമയം ഇന്നുതന്നെ മാറ്റാമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും പോസ്റ്റിന് താഴെ ചിലർ രേഖപ്പെടുത്തി.
















Comments