ക്രൈം കോമഡി ചിത്രം ‘1744 വൈറ്റ് ആൾട്ടോ’ അന്താരാഷ്‌ട്ര പ്രീമിയറിന് ഒരുങ്ങുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിലാണ് ചിത്രം ജനുവരിയിൽ പ്രദർശിപ്പിക്കുക. സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഷറഫുദീൻ, വിൻസി, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ എന്നിവർ അഭിനയിച്ച ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ.
സുപ്രസിദ്ധമായ ‘ഹാർബർ’ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ചിത്രം അന്താരാഷ്‌ട്ര പ്രീമിയറിന് തിരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള പുതിയ പ്രൊഡക്ഷൻ ഹൗസായ കബിനി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാൻ, വെനീസ്, ബെർലിൻ, ലൊകാർനോ തുടങ്ങി മറ്റ് പ്രധാന യൂറോപ്യൻ ഫെസ്റ്റിവലുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് റോട്ടർഡാം. നൂതനവും വ്യത്യസ്തവുമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവിലാണിത്.
കഴിഞ്ഞ നവംബർ 18നായിരുന്നു കേരളത്തിലെ തിയേറ്ററുകളിൽ 1744 വൈറ്റ് ആൾട്ടോ റിലീസ് ചെയ്തത്. മേക്കിംഗ് മികവ് കൊണ്ട് ഏറെ വ്യത്യസ്തത പുലർത്തിയ സിനിമയായിരുന്നു ഇത്. ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ചിത്രം നേടി. ചിലർ ബൗദ്ധികമായ ഡാർക്ക് കോമഡിയായി ചിത്രത്തെ കണക്കാക്കുകയും മലയാളത്തിന് പുതിയ ബെഞ്ച്മാർക്കാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ചെറുകിട തട്ടിപ്പുകാരുടെ ഇടയിൽ നടക്കുന്ന രസകരവും ഭയാനകവുമായ സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു സുസുക്കി ആൾട്ടോ കാറാണ് പ്രധാന കഥാപാത്രം. കേരളത്തിലെവിടെയോ ഒരു സാങ്കൽപ്പിക ലൊക്കേഷനിലാണ് സിനിമ നടക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ സെന്ന ഹെഗ്ഡെ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”സിനിമ എല്ലാവർക്കും വേണ്ടിയാകണമെന്നില്ല; ഓരോ വ്യക്തിയും വ്യത്യസ്തമായ മനോഭാവത്തോടെ പുറത്തുവരാം. ഇത് സെറിബ്രൽ അല്ല, പകരം മനുഷ്യന്റെ വിരോധാഭാസത്തിലേക്കുള്ള ഒരു നേർക്കാഴ്ച നൽകുന്നതിനും വിനോദത്തിനും വേണ്ടിയാണ്. എല്ലാ കഥാപാത്രങ്ങളും ഒരേ സമയം നല്ലതും ചീത്തയുമാകാം, ധാർമ്മികത മിക്കപ്പോഴും സ്ലൈഡിംഗ് സ്‌കെയിലായിരിക്കും, പ്രത്യേകിച്ചും ആധുനിക കാലത്ത്. എന്റെ രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചു.” സെന്ന ഹെഗ്ഡെ പറഞ്ഞു.
Comments