ചണ്ഡീഗഡ്: ഇന്ത്യയിൽ ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലൂടെ വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
‘ബിജെപി ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ് പ്രവർത്തകർ സ്നേഹവും വാത്സല്യവും പ്രചരിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ്, ബിജെപി, സമാജ്‌വാദി പാർട്ടി, പൊതുജനങ്ങൾ എന്നിവർക്കിടയിൽ ഇപ്പോൾ ഒരു വിടവുണ്ട്. പൊതുജനങ്ങൾ അവരുടെ ആശങ്ക പറയുമ്പോൾ അതിന് മറുപടിയായി മണിക്കൂറുകളോളം പ്രസംഗിക്കേണ്ട കാര്യമില്ല എന്നാണ് നേതാക്കൾ കരുതുന്നത്. ഈ ചിന്താഗതി ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ്. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് കോൺഗ്രസ്’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബുധനാഴ്ചയാണ് ഭാരത് ജോഡോ യാത്ര ഹരിയാനയിൽ പ്രവേശിച്ചത്. സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച കാൽനട ജാഥ, രാജസ്ഥാനിൽ വച്ചാണ് 100 ദിവസം പിന്നിട്ടത്. തുടക്കത്തിൽ ഉണ്ടായിരുന്ന ജനപിന്തുണയോ പ്രവർത്തകരുടെ പങ്കാളിത്തമോ 100 ദിവസം പിന്നിട്ട ശേഷം യാത്രയ്‌ക്ക് ലഭിക്കുന്നില്ല. കേരളത്തിൽ നിന്നും കർണാടകയിലേയ്‌ക്ക് പ്രവേശിച്ചതു മുതൽ ഭാരത് ജോഡോ യാത്രയുടെ ആവേശം കെട്ടടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നതോടെ യാത്രയുടെ നിറം തീർത്തും മങ്ങുകയായിരുന്നു. മാദ്ധ്യമങ്ങൾ പോലും ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഇതിനിടെ രാഹുൽ ഗാന്ധി വിമർശനവും ഉന്നയിച്ചിരുന്നു.
Comments