മുംബൈ: ലൗ ജിഹാദിനെതിരെ ഉടൻ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ശ്രദ്ധാ വാൽക്കർ കൊലപാതക കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മിശ്രവിവാഹം കഴിക്കുന്ന യുവതികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ചൂഷണങ്ങളെ തടയുവാൻ ലൗ ജിഹാദിനെതിരെ നിയമം നടപ്പിലാക്കുമെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അറിയിച്ചു.
ശ്രദ്ധാ വാൽക്കർ കൊലക്കേസ് വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിക്കുന്നതാണ്. അങ്ങനെയെങ്കിൽ പ്രതി അഫ്താബിന് എത്രയും വേഗം ശിക്ഷ വാങ്ങിനൽകാൻ കഴിയുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ആരും മിശ്ര വിവാഹത്തിന് എതിരല്ല. എന്നാൽ ചില സ്ഥലങ്ങളിൽ ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അത്തരം മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പങ്കാളി അഫ്താബ് പൂനവാല തന്നെ മർദ്ദിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ പോലീസ് ചെയ്തില്ല. ഒരുമാസത്തിന് ശേഷം അവൾ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു. എന്തെങ്കിലും സമ്മർദ്ദം മൂലമാണോ യുവതി പരാതി പിൻവലിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തും. കേസന്വേഷണത്തിലെ പ്രോഗ്രസ് റിപ്പോർട്ട് നിയമസഭയിലെ ബജറ്റ് സെഷനിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments