മണിപ്പൂരിൽ ട്രിപ്പിന് പോയപ്പോൾ വാഹന പരിശോധക സംഘത്തിന് മുന്നിൽ ആർസി ബുക്ക് കാണിച്ചതോടെ നാണം കെട്ടുപോയ അനുഭവം കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖനായ വ്‌ളോഗർ പങ്കുവച്ചത്. സംഭവം വലിയ ചർച്ചയാകുകയും വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസിന്റെ ഗുണനിലവാരത്തെ ട്രോളി ഒരു ഫേസ്ബുക്ക് ഉപയോക്താവ് രംഗത്തെത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസിൽ ഉടമയുടെ ഫോട്ടോ തലതിരിഞ്ഞ് പതിച്ചുവച്ചിരിക്കുന്നതാണ് പുതിയ സംഭവം. ലൈസൻസ് ഉടമ ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചതോടെ സംഗതി വൈറലാകുകയായിരുന്നു. പ്രദീപ് ഗോവിന്ദൻ എന്ന പാലക്കാട് സ്വദേശിയുടേതാണ് ഈ ‘തലതിരിഞ്ഞ’ ലൈസൻസ്. പ്രദീപ് തന്നെയാണ് ഫോട്ടോ സഹിതം ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എംവിഡിയോ പോലീസോ ലൈസൻസ് പരിശോധിക്കുമ്പോൾ തലതിരിച്ച് പിടിച്ച് നോക്കട്ടെ, അതുമല്ലെങ്കിൽ തലകുത്തി നിന്ന് നോക്കട്ടെയെന്ന് ഹാസ്യരൂപേണ പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രദീപിന്റെ വാക്കുകൾ ഇങ്ങനെയാണ്..
”ക്യൂബള രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസിന്റെ ക്വാളിറ്റിയെക്കുറിച്ചാണല്ലോ ഇപ്പോൾ ചർച്ച. ക്വാളിറ്റി വിടൂ. ഈയുള്ളവന്റെ ഫോട്ടോ നോക്കൂ! ഇക്കൊല്ലം ലൈസൻസ് പുതുക്കിയപ്പോൾ പഴയ എസ്എസ്എൽസി ബുക്ക് പോലുള്ള സാധനത്തിന് പകരം കിട്ടിയ ഹൈ-ടെക് സ്മാർട്ട് കാർഡ്! ഞാൻ ഇത് തിരുത്താനൊന്നും പോണില്ല. എംവിഡിയോ, പോലീസോ വേണമെങ്കിൽ തലതിരിച്ച് പിടിച്ച് നോകട്ടെ. അല്ലെങ്കിൽ തലകുത്തി നിന്ന് നോക്കട്ടെ..” ഇതായിരുന്നു വൈറലാകുന്ന എഫ്ബി പോസ്റ്റിൽ പ്രദീപ് കുറിച്ചത്. ഒപ്പം ഈ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.
ഏതാനും നാളുകൾക്ക് മുമ്പ് സുജിത്ത് ഭക്തൻ എന്ന വ്‌ളോഗറായിരുന്നു ആർസി ബുക്ക് കാണിച്ച് നാണം കെട്ട അനുഭവം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മണിപ്പൂർ പോലീസ് ആർസി ബുക്ക് ആവശ്യപ്പെട്ടപ്പോൾ കേരള മോട്ടോർ വാഹന വകുപ്പ് നൽകിയ ‘കടലാസ്’ ആർസി ബുക്ക് വ്‌ളോഗർ കാണിച്ചു. ഇതുകണ്ട മണിപ്പൂർ പോലീസ് സ്മാർട്ട് ആർസി ബുക്ക് ചോദിച്ചു. ഇവിടെയെല്ലാം ആർസി ബുക്ക് ഡിജിറ്റൽ രേഖയാണെന്ന് കമാൻഡോ സംഘം അറിയിച്ചപ്പോൾ കേരള മോട്ടോർ വാഹന വകുപ്പിനെയോർത്ത് അപമാനത്താൽ തലകുനിച്ചുവെന്നാണ് സുജിത്ത് ഭക്തൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളെ സദാസമയം കുറ്റം പറയുന്ന നമുക്ക് ആവശ്യമുള്ള പല കാര്യങ്ങളും ചെയ്യാൻ വലിയ മടിയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം കേരളത്തിൽ വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
Comments