മോസ്‌കോ: യുക്രെയ്‌നിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് റഷ്യ. അതിനായി നയതന്ത്ര പരിഹാരം കാണുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. സൈനിക സംഘട്ടനമല്ല ലക്ഷ്യമെന്നും വൈകാതെ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയൊണ് റഷ്യൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.
എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകൾക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികൾ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാൻ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികൾ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലതെന്നാണ് പുടിൻ പറഞ്ഞത്. എന്നാൽ പുടിന്റെ പ്രസ്താവനയെ സംശയത്തോടെയാണ് യുക്രെയ്ൻ കാണുന്നത്.
പുടിനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്കൻ വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു. യുക്രെയ്‌നും യുഎസ് സഖ്യകക്ഷികളുമായി ചർച്ച ചെയ്തതിന് പിന്നാലെയാണ് ഇത്. ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ സ്ഥിരമായി പറഞ്ഞിട്ടുണ്ട്. യുക്രെയിനാണ് ചർച്ചയ്‌ക്ക് വിസമ്മതിക്കുന്നതെന്നാണ് റഷ്യ പറയുന്നത്. തുടർച്ചയായി പത്ത് മാസം നീണ്ട യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനുള്ള റഷ്യയുടെ തീരുമാനത്തെ സംശയത്തിന്റെ നിഴലിലാണ് യുക്രെയ്ൻ നോക്കി കാണുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നിന്റെ ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. മാനുഷിക സഹായമുൾപ്പെടെ 65 ബില്യൺ ഡോളറിന്റെ സഹായമാണ് യുഎസ് ഇതുവരെ നൽകിയത്. റഷ്യൻ വിമാനങ്ങളും മിസൈലുകളും ലക്ഷ്യം വെക്കാൻ കഴിയുന്ന മിസൈൽ സംവിധാനം യുഎസ് നൽകാൻ പദ്ധതിയിട്ടിരുന്നത്. ഇതിനെ നേരിടാൻ റഷ്യ മാർഗം കണ്ടെത്തുമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
















Comments