കൊച്ചി: പൊതു ഇടങ്ങളിൽ സംഘമായി ചേർന്ന് മാല മോഷ്ടിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ബസിലും പൊതു ഇടങ്ങളിലും തന്ത്രപൂർവ്വം ആൾക്കാരെ ഒത്തുകൂട്ടി മാല പൊട്ടിക്കുന്ന ത്രിച്ചി സ്വദേശികളായ മൂന്ന് സ്ത്രീകളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ദേവി (39), ശാന്തി (27), അനു (22) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൃദ്ധയുടെ കഴുത്തിൽ നിന്നും രണ്ടു പവന്‍റെ മാലയും, ബസിൽ വച്ച് മധ്യവയസ്കയുടെ നാലര പവന്‍റെ മാലയുമാണ് ഇവർ മോഷ്ടിച്ചത്.
വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ ഇവരിൽ ഒരാൾ തിരക്കുള്ള ഇടത്ത് കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. തുടർന്ന് ആൾക്കാർ കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്കുള്ളപ്പോഴാണ് മാല മോഷ്ടിച്ചതെന്ന് പെരുമ്പാവൂര്‍ പോലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത് പറഞ്ഞു.
അടുത്ത മോഷണത്തിന് പദ്ധതി തയ്യാറാക്കുമ്പോഴായിരുന്നു പെരുമ്പാവൂർ പോലീസ് മൂവർ സംഘത്തെ പിടി കൂടുന്നത്. പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസം ജയിലിൽ നിന്നും ഇറങ്ങിയതാണ്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൺ, സി.ജെ ലില്ലി, എഎസ്ഐ അനിൽ പി വർഗീസ്, എസ്‍സിപിഒ-മാരായ പി.എ അബ്ദുൾ മനാഫ്, കെ.എസ് സുധീഷ്, കെ.പി അമ്മിണി, മൃദുല കുമാരി, ചിഞ്ചു കെ മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments