പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി എൻഐഎ. കേസ് രേഖകൾ കീഴ്‌ക്കോടതിയിൽ നിന്നും ഏറ്റെടുക്കാൻ അപേക്ഷ നൽകി. ഈ മാസം 20 നാണ് ശ്രീനിവാസ് കൊലക്കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറിയത്.
കീഴ്‌ക്കോടതിയിൽ നിന്നും രേഖകൾ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട്
ഹൈക്കോടതി രജിസ്ട്രാർക്കാണ് എൻഐഎ അപേക്ഷ നൽകിയത്. കേസ് ഡയറി ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടൻ കത്ത് നൽകും. വിവരങ്ങൾ ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കാനാണ് എൻഐഎയുടെ നീക്കം.
ശ്രീനിവാസിന്റെ കൊലയ്‌ക്ക് ഭീകര ബന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎയ്‌ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിലവിൽ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ പോലീസും എൻഐഎ സംഘത്തിന് കൈമാറും.
നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ശ്രീനിവാസിന്റെ കൊലയ്‌ക്ക് ഭീകര ബന്ധമുള്ളതായി വ്യക്തമായത്. കൊലപാതകം ആസൂത്രണം ചെയ്തതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ സി.എ റൗഫ്, യഹിയ തങ്ങൾ എന്നിവർക്ക് പങ്കുണ്ട്. നിലവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഇരുവരും അറസ്റ്റിലായി ജയിലിൽ തുടരുകയാണ്.
















Comments